എഫ്.ബി.ഐ നിലപാട് പരാജയത്തിന് കാരണം: ഹിലരി
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ തന്റെ തേല്‍വിക്ക് കാരണം എഫ്.ബി.ഐ ആണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് ഇ-മെയില്‍ കേസില്‍ ഹിലരിയെ സംശയത്തിന്റെ മുന്നില്‍ നിര്‍ത്തിയ എഫ്.ബി.ഐയുടെ നടപടിക്കെതിരേ നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഹിലരിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. തെരഞ്ഞെടുപ്പിന് തലേന്നാണ് ഹിലരിക്ക് എഫ്.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയത്.
ഇ-മെയില്‍ വിവാദം പുനരന്വേഷിക്കാനുള്ള എഫ്.ബി.ഐയുടെ തീരുമാനം ജനങ്ങള്‍ക്കിടയില്‍ താന്‍ കുറ്റക്കാരിയാണെന്ന തോന്നല്‍ സൃഷ്ടിച്ചെന്ന് ഹിലരി പറഞ്ഞു.
ഇ-മെയില്‍ വിവാദം അന്വേഷിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് എഫ്.ബി.ഐ യു.എസ് കോണ്‍ഗ്രസിന് കത്തയയ്ക്കുന്നത് വരെ തനിക്ക് വിജയസാധ്യതയുണ്ടായിരുന്നുവെന്നും എഫ്.ബി.ഐയുടെ തീരുമാനം ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ ആയുധമാക്കിയെന്നും ഹിലരി ആരോപിച്ചു.
എഫ്.ബി.ഐയുടെ ക്ലീന്‍ ചിറ്റ് വരുമ്പോഴേക്കും 2.4 കോടി ജനങ്ങള്‍ വോട്ടുചെയ്തിരുന്നുവെന്നും തീരുമാനം വൈകിപ്പോയെന്നും ഹിലരി പറഞ്ഞു. ട്രംപിന്റെ വിജയത്തിന് മറ്റു ഘടകങ്ങളും ഹേതുവായിട്ടുണ്ട്.
ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച് വോട്ട് ചെയ്തു. ഒരു പാര്‍ട്ടിയെ തുടര്‍ച്ചയായി മൂന്നു തവണ വൈറ്റ്ഹൗസിലെത്തിക്കുകയും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഹിലരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."