വിദ്യാഭ്യാസ കച്ചവടത്തിന് വിജിലന്‍സിന്റെ കടിഞ്ഞാണ്‍
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാഭ്യാസ കച്ചവടത്തിന് കടിഞ്ഞാണിടാന്‍ വിജിലന്‍സിന്റെ എഡ്യൂവിജില്‍ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെ ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കുലറിറക്കി. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും, പ്രവേശനത്തിന് തലവരിപ്പണം വാങ്ങല്‍ നിര്‍ത്താനും, നിയമനങ്ങള്‍ അഴിമതി രഹിതമാക്കുകയുമാണ് ലക്ഷ്യം.
ഇതനുസരിച്ച് സ്‌കൂളുകളിലും കോളജുകളിലുമടക്കം പ്രവേശനത്തിന് തലവരിപ്പണം വാങ്ങാന്‍ പറ്റില്ല. ഈ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളും അഴിമതി രഹിതമായിരിക്കണം. എല്ലാ സ്ഥാപനങ്ങളിലും തലവരിപ്പണമോ, നിയമനത്തിന് കോഴയോ വാങ്ങുന്നില്ലെന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ജേക്കബ് തോമസ് മുഴുവന്‍ വിജിലന്‍സ് ഓഫിസിലേയ്ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.
സ്ഥാപനങ്ങള്‍ക്ക് പുറത്തു പ്രദര്‍ശിപ്പിക്കേണ്ടതിന്റെ മാതൃകയും സര്‍ക്കുലറിനൊപ്പം അയച്ചിട്ടുണ്ട്. ഈ മാസം എട്ടിനാണ് സര്‍ക്കുലര്‍ അയച്ചത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കാനും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖ തയാറാക്കാനും സഹ ഉദ്യോഗസ്ഥരോട് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമെന്നത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോഴ വാങ്ങുന്ന സ്ഥാപനങ്ങളുടെ അധികാരികളെ നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരാമെന്നുമാണ് കണക്കുകൂട്ടല്‍. നേരത്തെ സ്വാശ്രയ കരാറുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജേക്കബ് തോമസിന് മൗനാനുവാദം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്വാശ്രയ സ്ഥപനങ്ങളിലും വിജിലന്‍സിന്റെ രഹസ്യ നിരീക്ഷണം ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണ് സ്വാശ്രയ സ്ഥപാനങ്ങളിലും പ്രദര്‍ശിപ്പിക്കുക. ബോര്‍ഡില്‍ വിജിലന്‍സ് മേധാവികളുടെ പേരും മൊബൈല്‍ നമ്പരുമുണ്ടാകും. പരാതിയുള്ളവര്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥനെയോ, വിജിലന്‍സ് ഡയറക്ടറെ നേരിട്ടോ വിളിച്ച് പരാതിപെടാം.
തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.ബി.എസ്.ഇ നിലപാട് വ്യക്തമാക്കിയിരുന്നു. സ്വാശ്രയ കോളജുകളിലും സ്‌കൂളുകളിലും, എന്‍ജിനീയറിങ്ങ് കോളജുകളിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ ലക്ഷക്കണക്കിന് രൂപയാണ് തലവരിപ്പണം വാങ്ങുന്നത്.
എല്‍.കെ.ജി മുതല്‍ തന്നെ പല സ്‌കൂളുകളും തലവരിപ്പണം വാങ്ങുന്നുണ്ട്. നിയമനങ്ങളിലും ലക്ഷങ്ങളാണ് മാനേജ്‌മെന്റുകള്‍ വാങ്ങുന്നത്.
വിജിലന്‍സിന്റെ നിരീക്ഷണ കണ്ണ് വരുന്നതോടെ ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാന്‍ കഴിയും. അതേ സമയം, വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി കോളജ് സ്വശ്രയ മാനേജ് മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."