ജീവിതം സ്തംഭിക്കുന്നു
കണ്ണൂര്‍: ആയിരം, അഞ്ഞൂറ് കറന്‍സി നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ചതിന്റെ ആഘാതം ജനജീവിതത്തിലേക്ക് വിഷം പോലെ കയറുന്നു. ഞായറാഴ്ചയും തുറന്ന ബാങ്കുകളിലേക്ക് അതിരാവിലെ മുതല്‍ തന്നെ ഇടപാടുകാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പണമില്ലാത്തതിനാല്‍ ഇന്നലെ എ.ടി.എമ്മുകള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. മണിക്കൂറുകളോളം മരണപ്പിടച്ചില്‍ നടത്തി ബാങ്കുകളില്‍ നിന്നു പണമെടുത്തവര്‍ക്ക് ലഭിച്ചത് പുതിയ രണ്ടായിരം നോട്ടുകളായിരുന്നു. ഇതാകാട്ടെ ചില്ലറമാറ്റാന്‍ കഴിയാത്തതും. ഇതോടെ മിക്കവീടുകളില്‍ പട്ടിണി ഇഴഞ്ഞുവരാന്‍ തുടങ്ങിയിട്ടുണ്ട്. വീടുകളില്‍ ശേഖരിച്ചുവച്ച അരിയും പച്ചക്കറിയും തീര്‍ന്നു. മത്‌സ്യം വാങ്ങാനാണെങ്കില്‍ ചില്ലറയില്ല. പാലുംതൈരും പലരും ഉപേക്ഷിച്ചു. നാളെ വ്യാപാരിവ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കൂടി നടക്കുകയാണെങ്കില്‍ ജനജീവിതം കുഴഞ്ഞുമറിയും. ബസുകള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ വളരെ കുറവാണ്. ഗുരുതരരോഗങ്ങള്‍ക്കല്ലാതെ ആശുപത്രികളെ സമീപിക്കുന്നതും കുറഞ്ഞു. ഓട്ടോ, ടാക്‌സി സര്‍വിസുകള്‍ കാല്‍ശതമാനമായി കുറഞ്ഞു. ചില്ലറക്ഷാമം കാരണംചില സ്വകാര്യബസുകളും സര്‍വിസ് വെട്ടിച്ചുരുക്കി. സഹകരണബാങ്കുകളില്‍ നിക്ഷേപങ്ങള്‍ മാത്രമെ സ്വീകരിക്കുന്നുള്ളൂ. ഡെയ്‌ലി കലക്ഷന്‍ മുടങ്ങിയിട്ടു ആറാംദിനമായി. ഇതു കാരണം പിഗ്മി ഏജന്റുമാര്‍ വെട്ടിലായി. ചില്ലറക്ഷാമം രൂക്ഷമായതുകാരണം പെട്രോള്‍ പമ്പുകള്‍ അടച്ചിടാനൊരുങ്ങുകയാണ് ഉടമകള്‍.
കടപൂട്ടിച്ചു, കടംബാക്കി
കച്ചവടക്കാര്‍ കടപൂട്ടി വീട്ടിലിരുപ്പായി. സ്‌റ്റോക്കു ചെയ്ത പഴം, പച്ചക്കറികള്‍ മിക്കതും നശിച്ചു. ചെറുകിട കച്ചവടക്കാരെയാണ് പെട്ടെന്നുള്ളകറന്‍സി പിന്‍വലിക്കല്‍ കൂടുതല്‍ ബാധിച്ചത്. വിലതാഴ്ത്തി അറിയാവുന്നവര്‍ക്ക് കടംകൊടുത്താണ് പലരും ചീഞ്ഞുപോകുന്ന സാധനങ്ങള്‍ വിറ്റഴിച്ചത്. കണ്ണൂര്‍ മാര്‍ക്കറ്റില്‍ സാധാരണ അവധി ദിനങ്ങളില്‍ നല്ല തിരക്കനുഭവപ്പെടാറുണ്ടെങ്കിലും ഇന്നലെ വളരെ ചുരുക്കം പേര്‍ മാത്രമേ പച്ചക്കറി വാങ്ങാനെത്തിയുള്ളൂ. ആയിക്കര മത്സ്യമാര്‍ക്കറ്റിലും ഇതുതന്നെയായിരുന്നു അവസ്ഥ. കടലില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങള്‍ ബാക്കിയായി.
സ്ഥിരം ഉപഭോക്താക്കള്‍ക്ക് കടംകൊടുത്താണ് പലരും കൊടും നഷ്ടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിവാഹം, ഗൃഹപ്രവേശം എന്നിവ നിശ്ചയിച്ചവര്‍ വെട്ടിലായി. അറിയാവുന്ന കച്ചവടക്കാരില്‍ നിന്നു സാധനങ്ങള്‍ ചെക്കുകൊടുത്തും കടംവാങ്ങിയുമാണ് പലരും സദ്യയൊരുക്കിയത്. വിവാഹത്തിന് സ്വര്‍ണംവാങ്ങാനും വീടെടുക്കാന്‍ ഭൂമിയെടുക്കാനും ബാങ്കില്‍ നിന്നു പണമെടുത്തവര്‍ വെട്ടിലായി. ഇനിയെന്തു ചെയ്യണമെന്ന കടുത്ത ഉത്കണ്ഠ കാരണമാണ് തലശേരി എസ്.ബി.ഐ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു പിണറായി ഇലക്ട്രിസിറ്റി സെക്ഷനിലെ ഓവര്‍സീയര്‍ ചാടിമരിച്ചത്.
കുരുക്കു മുതലെടുക്കാന്‍ കഴുത്തറപ്പന്‍മാര്‍
ആയിരം രൂപയുടെ പഴയനോട്ടുമാറാന്‍ എണ്ണൂറുരൂപ, അഞ്ഞൂറിന് മുന്നൂറ്. പതിനായിരത്തിന് രണ്ടായിരം ഇങ്ങനെ പോകുന്നു പണപ്രതിസന്ധിയില്‍ നേട്ടം കൊയ്യാനിറങ്ങിയവരുടെ കഴുത്തറപ്പന്‍ നിരക്ക്. ഇതിന്റെ കൂടെ ചില ലോട്ടറിക്കാരുമുണ്ട്. അഞ്ഞൂറ്‌രൂപയുടെ ചില്ലറയ്ക്കായി ഇരുന്നൂറുരൂപയുടെ ലോട്ടറി ഇവരില്‍ നിന്നെടുക്കണം. ബ്ലേഡുകാരും വട്ടിപലിശക്കാരും ഇതിനായി ഇറങ്ങിയത് അവരുടെ കറുപ്പ്, വെളുപ്പിക്കാന്‍ നല്ല പുത്തന്‍ കൊയ്യാനുമാണ്. കണ്ണൂര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഇവര്‍ പിടിമുറുക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."