കൊട്ടാരക്കരയിലെ നിയമലംഘനങ്ങള്‍ക്ക് നഗരസഭയുടെ പിന്തുണയെന്നാരോപണം
കൊട്ടാരക്കര: നഗരാസൂത്രണത്തിന് വിരുദ്ധമായി കൊട്ടാരക്കരയില്‍ നടന്നുവരുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം നഗരസഭാ അധികൃതരുടെ പിന്തുണയെന്ന് ആരോപണം.
അനധികൃത കെട്ടിട നിര്‍മാണം, റോഡ് കൈയേറ്റം, വ്യാപാര ലൈസന്‍സ്, ഭക്ഷ്യ സുരക്ഷ, മാലിന്യം തള്ളല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളിലെല്ലാം അഴിമതിയും, സ്വജന പക്ഷപാതവും നടക്കുന്നുവെന്നാണ് പരക്കെ ആരോപണമുയരുന്നത്.
ടൗണിലെ ദേശീയ പാതയുടെ വശങ്ങളിലും എം.സി. റോഡിന്റെ വശങ്ങളിലും നിര്‍മാണം പൂര്‍ത്തിയായതും ഇപ്പോള്‍ നടക്കുന്നതുമായ കെട്ടിടങ്ങളുടെയെല്ലാം നിര്‍മാണ പ്രവര്‍ത്തനം നിയമങ്ങള്‍ ലംഘിച്ചുള്ളതാണ്.
അടുത്തിടെ ഒരു സ്വര്‍ണാഭരണ ശാലയുടെ കെട്ടിടം റോഡിലേക്ക് ഇറക്കി നിര്‍മിക്കുന്നതിന് അനുമതി നല്‍കിയത് വിവാദമായിരുന്നു. മിക്ക വ്യാപാര സ്ഥാപനങ്ങളുടെ തട്ടികളും, ഇറക്കുകളുമെല്ലാം റോഡിലേക്കാണ്. വ്യാപാര ലൈസന്‍സ് ഇല്ലാത്തതും കരം അടയ്ക്കാത്തതുമായ നൂറിലധികം വ്യാപരാസ്ഥാപനങ്ങള്‍ ടൗണിലുണ്ട്. ചില ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഇവയുടെ പ്രവര്‍ത്തനം.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നഗരത്തിലെ ഭൂരിപക്ഷ ഭക്ഷണശാലകളുടേയും പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം തേവലപുറം സ്വദേശിയായ യുവാവ് ചന്തമുക്കിലെ ചായക്കടയില്‍ നിന്നും പാഴ്‌സലായി വാങ്ങിയ വടയില്‍ ചത്ത അട്ടയെ കണ്ട സംഭവം ഏറെ വിവാദമായിരുന്നു. ആരോഗ്യ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാത്ത മുന്നൂറോളം ഭക്ഷണശാലകള്‍ നഗരത്തിലും, പ്രാന്ത പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പട്ടിക ആരോഗ്യ വകുപ്പു കൈമാറിയെങ്കിലും നഗരസഭാ അധികൃതര്‍ അത് പൂഴ്ത്തിവെച്ചു.
ടൗണില്‍ മാത്രം ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ട്. തോട്ടുപുറമ്പോക്കുകള്‍ വരെ ഇതില്‍ പെടും.പുലമണ്‍ ടൗണില്‍ സര്‍വ്വേ വിഭാഗം 80 സെന്റോളം ഭൂമി ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടെടുക്കാനും നടപടിയുണ്ടായിട്ടില്ല.
കൊട്ടാരക്കര ടൗണിലെ ലോഡ്ജുകളിലെയും, വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യം തള്ളുന്നത് പുലമണ്‍ വലിയ തോട്ടിലാണ്. കക്കൂസ്മാലിന്യങ്ങളുടെ പൈപ്പു പോലും തോട്ടിലേക്ക് ഇറക്കിവെച്ചിട്ടുണ്ട്. ഇതിനെതിരെയും നഗരസഭ ഒരു നടപടിയുമെടുത്തിട്ടില്ല. പഞ്ചായത്ത് നഗരസഭയായി മാറ്റപ്പെടുമ്പോള്‍ വന്‍വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."