നോട്ടില്ല, അഞ്ചാം ദിനവും ബാങ്കിന് മുമ്പില്‍ പരാതി പ്രളയം
കുന്നുംകൈ: നോട്ടിന്റെ ലഭ്യത കുറവ് മലയോരത്തെ ബാങ്കുകളുടെ മുമ്പില്‍ പരാതി പ്രളയം. ഒട്ടുമിക്ക ബാങ്കുകളിലും നൂറിന്റെയും അമ്പതിന്റെയും നോട്ടില്ലാത്തതിനാല്‍ ബാങ്കിന് മുമ്പില്‍ പ്രതിഷേധം കനക്കുകയാണ്.
ഇപ്പോള്‍ ഇറക്കിയ 2000 രൂപയുടെ നോട്ട് ജനങ്ങള്‍ക്ക് മൂന്നില്‍ നോക്കുകുത്തിയാകുന്ന കാഴ്ചയാണുള്ളത്. 100 രൂപ നോട്ടിന്റെ ലഭ്യതക്കുറവ് കാരണം, 2000 ന്റെ നോട്ട് ഉപയോഗിക്കാനാകാത്ത സാഹചര്യമാണുള്ളത്.ബാങ്കില്‍ നിന്ന് കിട്ടിയാലും 2000 രൂപയ്ക്ക് ചില്ലറ നല്‍കാന്‍ ചെറുകിട വ്യാപാരികള്‍ ആരും തയാറാകുന്നില്ല. കൈവശമുണ്ടായിരുന്ന പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവരാകട്ടെ കാലിയായ എ.ടി.എമ്മുകള്‍ക്കുമുന്നിലെത്തി ഇന്നലെയും നിരാശരായി മടങ്ങി. ഒരു ദിവസം പണിക്കുപോയി ലഭിക്കുന്ന പണം മാറ്റിയെടുക്കാന്‍ ഓരോ തൊഴിലാളിയും പിറ്റേന്ന് ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളതെന്നാണ് ഇവരുടെ വാദം.
1ഒരു ബാങ്കില്‍നിന്ന് ഒരു തവണയേ നാലായിരം രൂപ മാറാനാവൂ എന്നതും ജനങ്ങളെ വലച്ചു. കൂടുതല്‍ തുക കൈയിലുള്ളവര്‍ ഓരോ ദിവസവും പല ബാങ്കുകളില്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്. ദേശസാല്‍കൃതബാങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ക്കാണ് ഈ ദുരിതം.
ദേശസാല്‍കൃതബാങ്കുകളുടെ ബ്രാഞ്ചില്ലാത്ത സ്ഥലങ്ങളിലുള്ളവരും പണം മാറാന്‍ പലയിടത്തും പോകേണ്ട ഗതികേടിലാണ്. വെള്ളരിക്കുണ്ട് , ഭീമനടി, ചിറ്റാരിക്കല്‍ എന്നിവിടങ്ങളിലെ ബാങ്കിന് മുന്നില്‍ നൂറുക്കണക്കിനു ആളുകളുടെ ക്യൂവായിരുന്നു.
പൊരിവെയിലില്‍ മൂന്നും നാലും മണക്കൂര്‍ ക്യൂ നിന്നാണ് ആളുകള്‍ നാലായിരം രൂപവരെ മാറ്റിവാങ്ങിയത്. ക്യൂ നിയന്ത്രിക്കാന്‍ പൊലിസിനെ വരെ നിയോഗിക്കേണ്ടി വന്നു. നോട്ട് പ്രതിസന്ധി കാരണം കഴിഞ്ഞ നാലുദിവസമായി ചെറുകിട വ്യാപാരികള്‍ക്ക് ഇരുട്ടടി സമ്മാനിച്ചപ്പോള്‍ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."