അഗ്രഹാരത്തില്‍ ഇന്ന് ദേവരഥസംഗമം
കല്‍പ്പാത്തി: അഗ്രഹാരവീഥികളില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശനം നല്കി തേരോട്ടം ആരംഭിച്ചു. ഇന്നലെ മന്തക്കര ഗണപതിയുടെ തേരാണ് അഗ്രഹാരങ്ങളിലൂടെ രാവിലെ മുതല്‍ പ്രദക്ഷിണം നടത്തിയത്. കല്‍പ്പാത്തിയില്‍ ഇന്ന് വൈകിട്ടോടെ നടക്കുന്ന ദേവരഥ സംഗമത്തോടെ രഥോത്സവത്തിന് സമാപനമാവും. അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രസാദം ചാര്‍ത്തി കല്‍പ്പാത്തിയില്‍ കൈലാസപതിയും കുടുംബവും ദേവരഥങ്ങളിലേറി ഒന്നാം തേരു ദിനമായ ഞായറാഴ്ച മുതല്‍ പ്രദക്ഷിണം ആരംഭിച്ചിരുന്നു.
ഇന്നലെ പുതിയ കല്‍പ്പാത്തിയില്‍ മന്തക്കര മഹാഗണപതിയിലും തേരിലേറി ആയിരങ്ങള്‍ ഭക്തരുടെ അടുത്തെത്തിയിരുന്നു. ഇന്ന പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാളും, ചാത്തപുരം പ്രസന്ന മഹാഗണപതിയും തേരിലേറുന്നതോടെ കല്‍പ്പാത്തി അഗ്രഹാരങ്ങള്‍ ദേവരഥങ്ങള്ക്ക് സ്വന്തമാകും. വിശാലാക്ഷിസമേതവിശ്വനാഥസ്വാമിക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കല്‍പ്പാത്തി രഥോത്സവം.
കല്‍പ്പാത്തി വിശാലാക്ഷിസമേതവിശ്വനാഥസ്വാമിക്ഷേത്രത്തിലെ ഗണപതിയും വള്ളിദേവാന സമേത സുബ്രഹ്മണ്യരും, വിശാലാക്ഷിസമേത വിശ്വനാഥനും തേരിലേറുന്നതോടെയാണ് രഥപ്രദക്ഷിണം ആരംഭിക്കുന്നത്. ജില്ലയിലെ 96 അഗ്രഹാരങ്ങളില്‍ പ്രഥമസ്ഥാനങ്ങളുടെ പട്ടികയിലാണ് കല്‍പ്പാത്തി. മൂന്നാം തേരുദിനമായ ഇന്ന് കുണ്ടമ്പലത്തിനുസമീപമുള്ള തേരുമുട്ടിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രഥങ്ങള്‍ ഓരോന്നായി സംഗമിക്കുന്നതോടെ ദേവരഥസംഗമം പൂര്‍ത്തിയാകും. ഇതോടെ രഥോത്സവത്തിനും കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."