റേഷന്‍കാര്‍ഡ് ഹിയറിങ് താളംതെറ്റി: ലഭിക്കാത്തവര്‍ക്ക് ഇന്നും അവസരം
തിരൂരങ്ങാടി: റേഷന്‍കാര്‍ഡ് ഹിയറിങ് അപേക്ഷകര്‍ക്ക് അഗ്‌നിപരീക്ഷണമായി മാറി. ഭക്ഷ്യ സുരക്ഷാ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കുന്നതിനും റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുന്നതിനുമായി ഇന്നലെ നഗരസഭാ ഹാളില്‍ നടന്ന വിചാരണയാണ് അവസാനം ഓഫിസിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചത്. തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കനറാബാങ്കില്‍ പണം മാറ്റാനുള്ളവരുടെയും ഹിയറിങിനായെത്തിയവരുടെയും വരി നഗരസഭാ ഓഫിസ് വളപ്പിനെ വീര്‍പ്പ് മുട്ടിച്ചു.
സപ്ലൈ ഓഫിസിനുപുറമെ നഗരസഭയിലും മുന്‍ഗണനാ ലിസ്റ്റിലേക്കുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കണക്കുകളില്‍ ഇരു ഓഫിസുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ലാതിരുന്നതാണ് അപേക്ഷകരെ കുഴക്കിയത്. ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് നഗരസഭാ ഓഫിസിലെ മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കിയത്.
ഭൂരിഭാഗം അപേക്ഷകരും സ്ത്രീകളായിരുന്നു. ഹിയറിങിനായി നൂറുകണക്കിനാളുകളാണ് എത്തിയത്. അഞ്ഞൂറോളം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. വിചാരണ നടത്താനാവാതെ മടങ്ങേണ്ടിവന്നവര്‍ക്ക് ഇന്ന് അവസരംനല്‍കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."