സിവില്‍ സ്റ്റേഷന്‍ ശുചീകരണം 20ന്
മലപ്പുറം: ജീവനക്കാരുടെയും ജീവനക്കാരുടെ സംഘടനകളുടെയും സഹകരണത്തോടെ 20നു സിവില്‍ സ്റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഇതിന്റെ ഭാഗമായി രാവിലെ 8.30നു ജീവനക്കാര്‍ കലക്ടറേറ്റ് പരിസരത്ത് ഒത്തുകൂടും. തുടര്‍ന്ന് അനുവദിച്ച സ്ഥലങ്ങളിലെത്തി ശുചീകരണത്തില്‍ ഏര്‍പ്പെടും. ആവശ്യമായ ഉപകരണങ്ങള്‍ നഗരസഭയുടെ സഹകരണത്തോടെ ലഭ്യമാക്കും. സിവില്‍ സ്റ്റേഷനില്‍ കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്യുന്നതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സുരക്ഷയുമായി ബന്ധപ്പെട്ടു വാഹനങ്ങള്‍ക്ക് അനുവദിച്ച സ്റ്റിക്കറുകളുടെ മാതൃകയ്ക്കു യോഗം അനുമതി നല്‍കി.
ശുചിത്വമിഷന്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനു പ്രത്യേക ബിന്നുകള്‍ ഓഫിസുകള്‍ക്ക് നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് എ.ഡി.എം കണ്‍വീനറായി കമ്മിറ്റിക്കും രൂപംനല്‍കി. യോഗത്തില്‍ എ.ഡി.എം പി. സെയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, സി. അബ്ദുല്‍ റഷീദ്, എ. നിര്‍മലകുമാരി, ഫിനാന്‍സ് ഓഫിസര്‍ തോമസ് സാമുവല്‍, ജില്ലാതല ഉദ്യേഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."