ജയിലില്‍ മരിച്ചയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം
മലപ്പുറം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സബ്ജയിലില്‍ തടവുകാരനായിരിക്കെ മരിച്ച ചേന്ദംകുളം സ്വദേശി രമണന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രമണന്റെ ഭാര്യ സുന്ദരിക്കും മൂന്നു മക്കള്‍ക്കുമായാണ് തുക നല്‍കുന്നതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചു.
രമണന്റെ മൂന്നു മക്കളില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയുടെ വിഹിതം വിവാഹ സഹായമായോ ദീര്‍ഘകാല നിക്ഷേപമായോ സൂക്ഷിക്കും. നിക്ഷേപത്തില്‍നിന്നുള്ള പ്രതിമാസ പലിശ മാതാവിന് ഉപയോഗിക്കാം. കമ്മിഷന് അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
2013 സെപ്റ്റംബര്‍ 23നാണ് ചേന്ദംകുളങ്ങര സ്വദേശി രമണനെ വണ്ടൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. 25ന് രമണന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. ഇയാള്‍ പട്ടികജാതിക്കാരനാണ്. കുടുംബത്തിന് അടച്ചുറപ്പുള്ള വീടോ സ്ഥിരവരുമാനമോ ഇല്ല. മാനസിക വളര്‍ച്ചയില്ലാത്ത ഒരു മകള്‍ ഉള്‍പ്പെടെ രണ്ടു പെണ്‍കുട്ടികളും ഒരു മകനുമുണ്ട്. രമണന്റെ ഭാര്യ നല്കിയ പരാതിയില്‍ കമ്മിഷന് അന്വേഷണം നടത്തിയിരുന്നു.
ലോക്കപ്പില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രമണന് മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സംഭവിക്കുന്ന മരണങ്ങളില്‍നിന്നു ഭരണകൂടങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു കമ്മിഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."