മഷി വിരലില്‍ പുരട്ടുന്നത് ഇന്ന് മുതല്‍, ആര്‍.ബി.ഐ മാര്‍ഗരേഖ പുറത്തിറക്കി
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നതുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐ മാര്‍ഗരേഖ പുറത്തിറക്കി. വലതു കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. നോട്ട് മാറ്റി നല്‍കുന്നതിന് മുന്‍പ് തന്നെ മഷി വിരലില്‍ പുരട്ടണം. ക്യാഷില്‍ ഇരിക്കുന്ന വ്യക്തിയോ ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ മഷി പുരട്ടി നല്‍കാം. ഇതിനായി എല്ലാ ബാങ്കുകളുടെ ശാഖകളിലേക്കും മഷിയും അതു പുരട്ടുന്നതിനുള്ള ബ്രഷും നല്‍കും. ആളുകളുടെ വിരലില്‍ പുരട്ടുന്ന മഷി ഉണങ്ങുന്നതിനുള്ള സമയം നല്‍കണമെന്നും ആര്‍.ബി.ഐ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മഷി പുരട്ടല്‍ ആദ്യം നടപ്പാക്കുന്നത് മെട്രോ നഗരങ്ങളില്‍ മാത്രമാണെന്ന് ആര്‍.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പിന്നീട് ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
അതേസമയം, പണം മാറ്റിയെടുക്കാനെത്തുന്നവരുടെ വിരലില്‍ പുരട്ടേണ്ട മഷി ഇതുവരെ ബാങ്കുകളില്‍ എത്തില്ലെന്ന് പല ബാങ്ക് അധികൃതരും അറിയിച്ചു. ഇതുവരെ അതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. മൈസൂരില്‍ നിന്നാണ് മഷി എത്തേണ്ടത്. മഷി എത്താത്തതിനാല്‍ വിരലില്‍ മഷി പുരട്ടുന്ന നടപടികള്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനാണ് സാധ്യതയെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നോട്ട് മാറാനെത്തുന്നവര്‍ അതാത് ബാങ്കില്‍ അക്കൗണ്ടുള്ളവരാണെങ്കില്‍ അവരുടെ വിരലില്‍ മഷി പുരട്ടില്ല. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കണമെന്ന വ്യവസ്ഥയും ആര്‍.ബി.ഐ ഒഴിവാക്കി. പകരം തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ബാങ്ക് ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മാത്രം മതിയാകും.
കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഒരേ വ്യക്തികള്‍ പലതവണ നോട്ടുകള്‍ മാറിയെടുക്കുന്നതിന് നിയന്ത്രണം വരുത്തുന്നതെന്ന് സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."