സ്വയംപര്യാപ്ത ഗ്രാമവുമായി പൂതാടി സ്കൂള്‍
കല്‍പ്പറ്റ: ജില്ലാ ശാസ്ത്രമേളയില്‍ ഗാന്ധിജി സ്വപ്നംകണ്ട സ്വയംപര്യാപ്ത ഗ്രാമവുമായി എത്തിയിരിക്കുകയാണ് പൂതാടി ജി.യു.പി സ്കൂളിലെ വിദ്യാര്‍ഥിനികള്‍. ദാരിദ്ര്യ നിര്‍മാര്‍ജനം എങ്ങും എത്താത്ത നമ്മുടെ ഗ്രാമങ്ങളില്‍ നടപ്പാക്കാവുന്ന പദ്ധതികളുമായാണ് പൂതാടി ജി.യു.പി.എസിലെ ഏഴാംതരം വിദ്യാര്‍ഥിനികളായ കെ.എ പ്രവീണയും കെ.ജെ അശ്വിനിയും ശാസ്ത്രമേളയില്‍ തിളങ്ങുന്നത്.
ഓരോ ഗ്രാമങ്ങളും സംയോജിത കൃഷിരീതികളിലൂടെയും മാലിന്യ സംസ്കരണത്തിലൂടെയും സോളാര്‍ പവറിലൂടെയും ബയോഗ്യാസ് പ്ലാന്റിലൂടെയും ഇന്‍സിനേറ്റര്‍ എന്നിവയുടെ ഉപയോഗത്തിലൂടെയും സ്വയംപര്യാപ്തമാകുന്നതോടൊപ്പം ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഇവര്‍ വിഭാവനം ചെയ്തിരിക്കുന്നത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിലൂടെ തെരുവ് നായ്ക്കളുടെ ശല്യവും ഉപദ്രവവും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. പരിസ്ഥിതി സൗഹാര്‍ദപരമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതിക്ക് കോട്ടംതട്ടാതെ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളായ ജലസംരക്ഷണം, വൈദ്യുതി ഉത്പാദനം, ജലസേചനം എന്നിവ എങ്ങിനെ നടത്താം എന്നതിന്റെ ഉത്തമ മാതൃക കൂടിയാണിത്. സംയോജിത കൃഷിരീതി, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, മാലിന്യ സംസ്കരണം, സോളാര്‍ പവര്‍, ബയോഗ്യാസ് പ്ലാന്റ്, എന്നിവയുടെ ഉപയോഗത്തിലൂടെ സ്വയംപര്യാപ്തവും മാലിന്യ വിമുക്തവുമായ നവസമൂഹം സൃഷ്ടിക്കാനാണ് ഈ കുരുന്നുകള്‍ നമുക്ക് കാണിച്ച് തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."