ഞങ്ങള്‍ക്ക് അവകാശമുണ്ട്
ചരിത്രം
പ്രാചീന ഗ്രീസ്, റോം സംസ്കാരങ്ങളില്‍ മനുഷ്യാവകാശത്തിനു പ്രാധാന്യം നല്‍കിയിരുന്നതായി കാണാം. പൗരാണിക ബാബിലോണിയന്‍, അസീറിയന്‍ നിയമങ്ങളും മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്കിയിരുന്നവതന്നെ. വൈദികകാലം തൊട്ട് ഇന്ത്യയില്‍ പ്രാധാന്യമുണ്ടായിരുന്ന മനുഷ്യാവകാശ സംരക്ഷണ നിയമങ്ങള്‍ ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തോടെ നാമാവശേഷമായി. 1215 ലെ മാഗ്നകാര്‍ട്ട, 1776 ലെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം, സ്വാതന്ത്ര്യം- സമത്വം- സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ ചരിത്രത്തിലിടം നേടിയ ഫ്രഞ്ചു വിപ്ലവത്തെത്തുടര്‍ന്നു 1791 ല്‍ ഫ്രഞ്ചു ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ട 'മനുഷ്യന്റെ അവകാശങ്ങള്‍' തുടങ്ങിയവ സാര്‍വദേശീയ തലത്തില്‍ അമൂല്യമായ മനുഷ്യാവകാശത്തിന്റെ ആദ്യ രൂപങ്ങളാണ്.
അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ആഗോള മനുഷ്യാവാകാശ പ്രഖ്യാപനം ലോകമെങ്ങുമുള്ള മനുഷ്യരുടെ അന്തസും മഹത്വവും അംഗീകരിക്കുകയും തുല്യരീതിയിലുള്ള സ്വാതന്ത്ര്യം, അവകാശം. നീതി എന്നിവ ഉറപ്പു നല്കാന് ആഹ്വാനം ചെയ്യുകയും ചെയ്തു.
1948 ഡിസംബര്‍ 10 ന് യു.എന്‍. അസംബ്ലി ഈ പ്രഖ്യാപനം അംഗീകരിക്കുകയും തുടര്‍ന്ന് ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിച്ചു തുടങ്ങുകയും ചെയ്തു.
ജനീവാ പ്രഖ്യാപനം
1924 സെപ്റ്റംബര്‍ 26ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നടത്തിയ പ്രഖ്യാപനം ആശയ സമ്പന്നതകൊണ്ടും പ്രവര്ത്തനവിശാലത കൊണ്ടും ശ്രദ്ധേയമായിരുന്നു. കുട്ടികള്‍ക്ക് അവരുടെ സ്വാഭാവിക വികാസത്തിനാവശ്യമായ ആത്മീയവും ഭൗതികവുമായ സാഹചര്യമൊരുക്കുന്നതോടൊപ്പം വിശക്കുന്നവര്‍ക്ക് ഭക്ഷണം, അനാഥ കുട്ടികള്‍ക്ക് സംരക്ഷണം, രോഗബാധിതരായവര്‍ക്ക് ചികിത്സ, കുട്ടികള്‍ക്കെതിരേയുള്ള ചൂഷണത്തില്‍നിന്നു മോചനം തുടങ്ങിയ മഹിതമായ ആശയങ്ങള്‍ ഈ പ്രഖ്യാപനത്തിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ടു.
മൗലികാവകാശം
ഇന്ത്യന്‍ ഭരണഘടനയുടെ 12 മുതല്‍ 35 വരെയുള്ള വകുപ്പുകളില്‍ മൗലികാവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ രാജ്യത്തെ ഓരോ പൗരന്റേയും മൗലികാവകാശമായി കണക്കാക്കപ്പെടുന്നു. ഭരണഘടനയുടെ 14 മുതല്‍ 18 വരെയുള്ള വകുപ്പുകള്‍ സമത്വത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജാതി, ദേശം, മതം, ലിംഗം, വിദ്യാഭ്യാസം, സാമ്പത്തികം എന്നിവ അടിസ്ഥാന ഘടകമാക്കി രാജ്യത്തെ ഒരു പൗരനോടും വിവേചനം പാടില്ലെന്ന് ഈ വകുപ്പുകള്‍ പ്രഖ്യാപിക്കുന്നു.
19 മുതല്‍ 22 വരെയുള്ള വകുപ്പുകള്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. വകുപ്പുകള്‍ അനുസരിച്ച് രാജ്യത്തെ ഓരോ പൗരനും ഇന്ത്യലുടനീളം സഞ്ചരിക്കാനും താമസിക്കാനും തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം ആശയവിനിമയനത്തിനും സംഘടനകള്‍ രൂപീകരിക്കാനും സമാധാനപരമായി നിരായുധരായി സമ്മേളിക്കാനുമുളള സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു.
23, 24 എന്നീ വകുപ്പുകള്‍ രാജ്യത്തെ ഓരോ പൗരനും ചൂഷണത്തിനെതിരേയുള്ള അവകാശം ഉറപ്പുവരുത്തുന്നു. 25 മുതല്‍ 28 വരെയുള്ള വകുപ്പുകള്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നല്കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതാചാരങ്ങള്‍ പിന്തുടരാനുമുള്ള അവകാശമാണിത്. 29, 30 വകുപ്പുകള്‍ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം ഉറപ്പുനല്‍കുന്നു. മേല്പറഞ്ഞ മൗലികാവകാശലംഘനമുണ്ടായാല്‍ പൗരന് അവകാശം സ്ഥാപിച്ചെടുക്കുവാന്‍ ഭരണഘടനയുടെ 32-ാം വകുപ്പ് സഹായകമാകുന്നു.
വിദ്യാഭ്യാസത്തിനുള്ള
അവകാശം
ഇന്ത്യയില്‍ 6 മുതല്‍ 14 വയസു വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമമാണ് റൈറ്റ് ഓഫ് ചില്‍ഡ്രന്‍ ഫ്രീ ആന്‍ഡ് കമ്പല്‍സറി ആക്റ്റ് 2009. ഇന്ത്യന്‍ പ്രസിഡന്റ് 2009 ഓഗസ്റ്റ് 26 ന് ആക്റ്റില്‍ ഒപ്പുവയ്ക്കുകയും 2010 ഏപ്രില്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ഈ ആക്റ്റ് നടപ്പില്‍ വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കുട്ടിക്കു മാതാപിതാക്കളോടൊപ്പം കഴിയാനും ശാരീരിക- മാനസിക പീഡനങ്ങളില്‍നിന്നു സംരക്ഷണം ഉറപ്പു വരുത്താനും ഈ നിയമം മൂലം സാധിക്കുന്നു.
മനുഷ്യാവകാശ സംരക്ഷണം
ഇന്ത്യയില്‍
ഇന്ത്യയില്‍ 1993 സെപ്റ്റംബര്‍ 28ന് മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍വന്നു. ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം മനുഷ്യാവകാശങ്ങള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെ രൂപവത്കരണവുമാണ്. 1994, 2006 വര്‍ഷങ്ങളില്‍ ഈ നിയമത്തിനു ഭേദഗതിയുണ്ടായി. ഈ നിയമത്തിന്റെ തുടര്‍ച്ചയായി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇന്ത്യയില്‍ രൂപീകൃതമായി. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്മീഷന്റെ അധ്യക്ഷ മുന്‍ ചീഫ് ജസ്റ്റിസോ നിലവില്‍ ചീഫ് ജസ്റ്റിസ് ആയി സേവനം ചെയ്യുന്ന വ്യക്തിയോ ആയിരിക്കണം. അഞ്ചു വര്‍ഷമായിരിക്കും കമ്മീഷന്റെ കാലാവധി.
എഴുപതു വയസാണ് ഉയര്‍ന്ന പ്രായപരിധി. രാഷ്ട്രപതിയാണ് അംഗങ്ങളെ നിയമിക്കുന്നത്. 1998 ഡിസംബര്‍ 11 ന് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രൂപീകൃതമായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷന്‍. സംസ്ഥാന ഗവര്‍ണറാണ് അംഗങ്ങളെ നിയമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടു കൂടി ഓരോ ജില്ലയിലും ഒരു സെഷന് കോടതിയെ മനുഷ്യാവകാശ കോടതിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഈ കമ്മീഷനുമായി ബന്ധപ്പെട്ട് അധികാരമുണ്ട്.
വിവരാവകാശം
കൂട്ടുകാര്‍ വിവരാവകാശത്തെക്കുറിച്ച് പഠിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും ജനകീയമായ നിയമമാണിത്. ഏതെങ്കിലും പൊതു അധികാരിയുടെ നിയന്ത്രണത്തിലോ കൈവശത്തിലോ ഉള്ള രേഖകള്‍, പ്രമാണങ്ങള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമാണിത്. പൊതു സ്ഥാപനങ്ങളുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ പരോക്ഷമായ ഇടപെടല്‍ നടത്താന്‍ പൊതുജനങ്ങള്‍ക്ക് അധികാരം നല്കുന്ന ഈ നിയമം 2005 മെയ് 11, 12 തിയതികളില്‍ യഥാക്രമം ലോകസഭ, രാജ്യസഭ എന്നിവ പാസാക്കുകയും പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തു. കേന്ദ്രവിവരാവകാശ കമ്മീഷന് സമാനമായി സംസ്ഥാന തലത്തിലും വിവരാവകാശ കമ്മീഷന് പ്രവര്‍ത്തിച്ചു വരുന്നു.
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ക്ക് സമാനമായി മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്ക് നല്‍കിയാണ് വിവരാവകാശ കമ്മീഷന് പ്രവര്‍ത്തിക്കുന്നത്.
കുട്ടികളുടെ
അവകാശം
1989 നവംബര്‍ 20 ന് യു.എന്‍. ജനറല്‍ അസംബ്ലി അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി 1990 സെപ്റ്റംബര്‍ 2 ന് ആണ് പ്രാബല്യത്തില്‍ വന്നത്. ദി യുണൈറ്റഡ് നാഷന്‍സ് കണ്വന്ഷന് ഓണ്‍ ദ റൈറ്റ്സ് ഓഫ് ദ ചൈല്‍ഡ് എന്ന അവകാശ ഉടമ്പടി കുട്ടികളുടെ മാഗ്നകാര്‍ട്ട എന്ന പേരിലും അറിയപ്പെടുന്നു.
ജീവിക്കാനുള്ള അവകാശത്തോടൊപ്പം സ്വകാര്യത, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ബാലവേലയില്‍നിന്നും ലൈംഗിക ചൂഷണത്തില്നിന്നുമുള്ള സംരക്ഷണം തുടങ്ങിയവ ഈ അവകാശ ഉടമ്പടിയില്‍ പ്രധാനപ്പെട്ടതാണ്.
ദേശീയ വനിതാ കമ്മീഷനും
കേരള വനിതാ കമ്മീഷനും
1992 ജനുവരിയില്‍ രൂപീകൃതമായ ദേശീയ വനിതാ കമ്മീഷന്റെ മുഖ്യലക്ഷ്യങ്ങളാണ് സ്ത്രീ സുരക്ഷയൊരുക്കുന്നതും സ്ത്രീകളുടെ ഉന്നമനത്തിനായി മെച്ചപ്പെട്ട അവസരങ്ങള്‍ ഒരുക്കുന്നതും. സ്ത്രീകളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കുക, ഭരണഘടന അനുശാസിക്കുന്ന അവസരസമത്വം ഉറപ്പുവരുത്തുക തുടങ്ങിയവ വനിതാ കമ്മീഷന്റെ അധികാര പരിധിയില്‍പെട്ട കാര്യങ്ങളാണ്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരള വനിതാ കമ്മീഷന്. ഒരു ചെയര്‍പേഴ്സണ്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഒരംഗം, എന്നിങ്ങനെ ഏഴ് അംഗ സമിതിയാണിത്. അഞ്ചുവര്‍ഷമാണ് നിയമന കാലാവധി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നൂതന പദ്ധതിയായ നിര്‍ഭയയും സ്ത്രീ സുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."