ജമാഅത്ത് ഫണ്ട് തിരിമറി: താന്‍ നിരപരാധിയെന്ന് ആരോപണ വിധേയയായ യുവതി
കോട്ടയം: ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി ജമാഅത്ത് ഫണ്ട് തിരിമറി നടത്തിയതായി ആരോപിക്കപ്പെട്ട യുവതി ജമാഅത്ത് ഭാരവാഹികള്‍ക്കെതിരേ ജില്ലാ പൊലിസ് മേധാവിയ്ക്കു പരാതി നല്‍കി. ഫാത്തിമാപുരം കുന്നക്കാട് പുതുമന വീട്ടില്‍ ഷെഫീഖിന്റെ ഭാര്യ മഞ്ജുവാണു പരാതി നല്‍കിയത്.
2012 മെയ് 23 മുതല്‍ ജമാഅത്തില്‍ അക്കൗണ്ടന്റായി യുവതി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ആറു ലക്ഷം രൂപ യുവതി തട്ടിയെടുത്തെന്നായിരുന്നു ജമാഅത്ത് ഭാരവാഹികളുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് ജമാഅത്ത് ഭാരവാഹികകളുടെ പരാതിയെ തുടര്‍ന്നു യുവതി പൊലിസില്‍ കീഴടങ്ങുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ജമാഅത്ത് ഭാരവാഹികള്‍ തന്നെ മാനസികമായും ശാരീരികമായും പീഢിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭാരവാഹികളുടെ ഇംഗിതത്തിനു വഴങ്ങാതിരുതിരുന്നതിനാലാണു തനിക്കെതിരേ കള്ളക്കേസ് നല്‍കിയതെന്നും യുവതി പറഞ്ഞു.
ഒരു ജമാഅത്ത് ഭാരവാഹി തന്നോട് മോശമായി പെരുമാറിയതായും ഇദ്ദേഹമാണ് ഈ പണം നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്നും യുവതി വ്യക്തമാക്കി. ജമാഅത്ത് ഭാരവാഹികളായ മറ്റു മൂന്നു പേര്‍ക്കെതിരെയും യുവതി ആരോപണങ്ങള്‍ ഉന്നയിച്ചു. ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയെത്തുടര്‍ന്നു കൊച്ചുകുട്ടികളും വൃദ്ധയായ മാതാവും ഉള്‍പ്പെടുന്ന തങ്ങളുടെ കുടുംബത്തെ പൊലിസ് നിരന്തരം വേട്ടയാടിയതായും ഇതിന്റെ പേരില്‍ നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും യുവതി പറഞ്ഞു.
മാനഹാനി മൂലം കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണു യുവതിയും ഭര്‍ത്താവും കോട്ടയത്തെത്തി വാര്‍ത്താസമ്മേളനത്തിനു ശേഷം ജില്ലാ പോലിസ് മേധാവിയ്ക്കു പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."