റബര്‍ ചെക്ക്ഡാം: റിപ്പോര്‍ട്ട് തയാറാക്കാന്‍ അന്വേഷണം തായ്‌ലന്റിലേക്ക്
തിരുവനന്തപുരം: റബര്‍ ചെക്ക്ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കാന്‍ അന്വേഷണം തായ്‌ലന്റിലേക്ക്. വരള്‍ച്ച മൂലം കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടാകാതിരിക്കാന്‍ തടയണകള്‍ നിര്‍മിക്കാനും, റബര്‍ കര്‍ഷകരെ സഹായിക്കാനും വേണ്ടിയുള്ള പദ്ധതിയായിട്ടാണ് ചെക്ക്ഡാമുകള്‍ റബര്‍ ഉപയോഗിച്ചു നിര്‍മിക്കുന്നതിനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തുടങ്ങിയത്. ഇതിനായി റബര്‍ചെക്ക്ഡാം നിര്‍മാണ സാങ്കേതികവിദ്യയുടെ വിശദാംശങ്ങളടക്കമുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
തായ്‌ലന്റില്‍ വ്യാപകമായി റബര്‍ ഉപയോഗിച്ച് ചെക്ക്ഡാമുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി അധികൃതരുടെ അന്വേഷണം തായ്‌ലന്റിലേക്കെത്തിയത്. അവിടുത്തെ ഇന്ത്യന്‍ വിദഗ്ധരുമായി അധികൃതര്‍ ബന്ധപ്പെട്ടു. വ്യാവസായികാടിസ്ഥാനത്തില്‍ തായ്‌ലന്റില്‍ റബര്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കുന്ന കമ്പനികളും, അതിന്റെ വിശദാംശങ്ങളും അറിയുകയെന്നതാണ് ലക്ഷ്യം.
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദുരന്ത നിവാരണ അതോറിറ്റി റബര്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി മുന്നോട്ടുവെച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ പദ്ധതിക്കനുകൂല നിലപാടെടുത്തില്ല. നിലവില്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ട് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ മാസം പകുതിയോടെ റിപ്പോര്‍ട്ട് തയാറാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. ചെക്ക്ഡാം നിര്‍മാണത്തിന് ഉപയോഗിക്കുന്ന റബറിന്റെ അളവ്, ഇതിന്റെ ഉറപ്പ്, ചെലവാകുന്ന തുക, റബര്‍ സംഭരണം എങ്ങനെ, മറ്റ് ഉപോല്‍പന്നങ്ങള്‍, ചെക്ക്ഡാമുകളുടെ ഉയരം, കേരളത്തില്‍ നിര്‍മിക്കാന്‍ കഴിയുന്ന റബര്‍ ചെക്ക്ചാമുകളുടെ മാതൃകകള്‍, എണ്ണം തുടങ്ങിയവയായിരിക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക. കൂടാതെ റബര്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഏതൊക്കെയെന്നതും റിപ്പോര്‍ട്ടിലുണ്ടാകും.
കഴിഞ്ഞമാസം വരള്‍ച്ചയുമായി ബന്ധപ്പെട്ടുനടന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നതതല യോഗത്തില്‍വെച്ചാണ് മുഖ്യമന്ത്രി റബര്‍ ചെക്ക്ഡാമുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനം എടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ചെക്ക്ഡാമെങ്കിലും നിര്‍മിക്കുകയാണ് ലക്ഷ്യം.
പരമ്പരാഗത കോണ്‍ക്രീറ്റ് ചെക്ക്ഡാമുകളേക്കാള്‍ ഗുണം ചെയ്യുന്നതാണ് റബര്‍ചെക്ക് ഡാമുകളെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
തായ്‌ലന്റിലെ റബര്‍ ചെക്ക്ഡാമുകളുടെ നിര്‍മ്മാണം നേരില്‍കണ്ടും, നിര്‍മാണത്തിന്റെ സാങ്കേതിക വിദയെ കുറിച്ച് മനസ്സിലാക്കിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ധരിപ്പിക്കണമെന്നാണ് തായ്‌ലന്റിലെ ഇന്ത്യന്‍ വിദഗ്ധര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം, കേരളത്തില്‍ ഇത്തരം ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കേണ്ട ചെറു തോടുകള്‍, പുഴകള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ കണക്കെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സന്നദ്ധസംഘടനകളെ നിയോഗിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."