ബി.ജെ.പിക്ക് കേരളത്തിലെ ആദ്യവിജയം
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. നേമം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ. രാജഗോപാല്‍ 8671വോട്ടിനു ഇടതുസ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ വി.ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി. രാജഗോപാലിനു 67,813വോട്ട് ലഭിച്ചപ്പോള്‍ ശിവന്‍കുട്ടിക്ക് 59,142വോട്ടാണ് നേടാനായത്. അതേസമയം മൂന്നാംസ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍പിള്ളക്ക് 13,860 വോട്ട് മാത്രമാണ് ലഭിച്ചത്.
മത്സരിച്ച തെരഞ്ഞെടുപ്പുകളിലൊക്കെ മികച്ച പ്രതീക്ഷ ഉണര്‍ത്തിയ രാജഗോപാലിനു ഇക്കുറി വിജയിക്കാനായത് സംസ്ഥാനത്ത് ബി.ജെ.പിക്ക് മികച്ച ഊര്‍ജമാണ് പകര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തു 6415വോട്ടിനു രാജഗോപാല്‍ വി.ശിവന്‍കുട്ടിയോട് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എത്തിയ രാജഗോപാല്‍ തിരുവനന്തപുരത്തിന്റെ ഭാഗമായ നേമം നിയോജക മണ്ഡലത്തില്‍ ലീഡ് നേടിയിരുന്നു.
2012ലെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും 2014ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തായെങ്കിലും ഇടതുവലതു മുന്നണികളോടു മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ രാജഗോപാലിനു കഴിഞ്ഞിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കിലും നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനുവഴങ്ങി മത്സരിക്കാന്‍ തയാറാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."