പെട്രോള്‍ പമ്പുകളില്‍ ഇന്റലിജന്‍സ് പരിശോധന
കണ്ണൂര്‍: 1000, 500 നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന പെട്രോള്‍ പമ്പുകളില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ത്വരിത പരിശോധന നടത്തുന്നു. സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകളില്‍ ഇന്നലെ മുതല്‍ ഇന്റലിജന്‍സ് പരിശോധന തുടങ്ങി. നോട്ടുകള്‍ അസാധുവായതിനു ശേഷം പെട്രോള്‍ പമ്പുകളില്‍ നിന്നും വില്‍പ്പന നടത്തിയ എണ്ണയുടെ കണക്കും ക്രയവിക്രയം നടത്തിയ പണത്തിന്റെ കണക്കുമാണ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനാല്‍ പെട്രോള്‍ പമ്പുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സൂചനകള്‍ ഇന്റലിജന്‍സിനു ലഭിച്ചിരുന്നു. തുടര്‍ന്നാണ് പെട്രോള്‍ പമ്പുകളില്‍ ത്വരിത പരിശോധന നടത്തുവാന്‍ തീരുമാനിച്ചത്. അസാധുവായ നോട്ടുകള്‍ മാറി നല്‍കുന്ന ബാങ്കുകളിലൂടെയും മറ്റും വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയില്ലെങ്കിലും അവശ്യഇടപാടുകള്‍ക്ക് നല്‍കിയിരിക്കുന്ന ഇത്തരം ഇളവുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പെട്രോള്‍ പമ്പുകളില്‍ പരിശോധന തുടങ്ങിയിരിക്കുന്നത്.
അവശ്യ സര്‍വിസിനായി പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതു എത്രയും പെട്ടെന്ന് നിര്‍ത്തിവക്കണമെന്ന നിര്‍ദേശം കേന്ദ്ര ഇന്റലിജന്‍സിനു സംസ്ഥാന ഇന്റലിജന്‍സിനു നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും വിതരണം ചെയ്യുന്ന 100 രൂപ നോട്ടുകള്‍ തിരികെ മാര്‍ക്കറ്റിലെത്തുന്നില്ലെന്നും ഇതു പൂഴ്ത്തിവക്കുന്നതായി സംശയിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
ബാങ്കുകളടക്കമുള്ള ഇടപാടു കേന്ദ്രങ്ങളില്‍ നിന്നും മാറി വാങ്ങാവുന്ന പണം 4500 രൂപയില്‍ നിന്നും 2000 ആയി കുറച്ചത് കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന്. കൂലിക്കു നോട്ടുമാറി കൊടുക്കുന്നവരും ക്വട്ടേഷന്‍ സംഘങ്ങളും ഇത്തരത്തില്‍ നോട്ടുമാറിയെടുക്കുന്നുണ്ടെന്നും ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. വന്‍ തോതില്‍ കള്ളപ്പണം ഇത്തരത്തില്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
വലിയ പ്രതിഷേധം അലയടിച്ചതിനെ തുടര്‍ന്ന് മാറിവാങ്ങാവുന്ന തുക 4500 ആയി വര്‍ധിപ്പിച്ചത് പൊടുന്നനെ 2000 ആയി കുറച്ചത്് ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."