ആനകളുടെ മേല്‍ നിരോധിച്ച അങ്കുഷ് ആയുധ പ്രയോഗം
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ആനയെ നിയമ വിരുദ്ധമായി ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തി വന്യജീവി സംരക്ഷണ നിയമം, ജന്തു ദ്രോഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ച് ആനയുടമസ്ഥര്‍, പാപ്പാന്‍മാര്‍, മറ്റു ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ ഘടകം വനം വകുപ്പിനോടാവശ്യപ്പെട്ടു. ഇതിന്റെ ചുമതലയുള്ള പാലക്കാട് സാമൂഹിക വനം വകുപ്പ് അധികാരിക്കാണ് ചിത്രങ്ങള്‍ സഹിതം ഡബ്ലിയു.പി.എസ്.ഐയുടെ പ്രോജക്ട് ഓഫിസര്‍ എസ് ഗുരുവായൂരപ്പന്‍ കത്തയച്ചത്.
ആനക്ക് ആഴത്തിലുള്ള വ്രണമുണ്ടാക്കി അതില്‍ കുത്തി നോവിക്കുന്ന അങ്കുഷ് എന്ന ആനത്തോട്ടി സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും, കല്‍പ്പാത്തിയില്‍ ഓരോ ആനക്കും രണ്ടു തോട്ടി വീതം പാപ്പാന്മാര്‍ ഉപയോഗിച്ചിരുന്നു. ലോഹച്ചുറ്റുള്ള വടി നിരോധിച്ചിട്ടുണ്ടെങ്കിലും പകരം കൂര്‍ത്ത മുനകളുള്ള പുതിയതരം വടി പാപ്പാന്മാര്‍ ഉപയോഗിച്ചാണ് ആനയെ പത്തു ടണ്ണിലധികം വരുന്ന രഥം തള്ളിച്ചത്. പാപ്പാനെ ഉപദ്രവിച്ചു ശീലമുള്ള ഒരു ആനയെ ഉപയോഗിച്ചതായും അറിയുന്നു. ആനയുടെ വാലില്‍ കണ്ട വ്രണത്തിലും അന്വേഷണം ആവശ്യപ്പെട്ടു.
ആനക്ക് മുകളില്‍ ആനക്കൊമ്പുകൊണ്ടുള്ള സ്വര്‍ണ ലോക്കറ്റ് ഉപയോഗിച്ച പാപ്പനെക്കുറിച്ച് അന്വേഷിക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നടന്നത് പൊലിസിന്റെ അകമ്പടിയോടെയായിരുന്നു. ജില്ലാ ഭരണകൂടവും ഇക്കാര്യങ്ങളില്‍ മൗനം പാലിക്കുകയാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഈ ഉത്സവത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പറ്റാത്ത തെരുവുകളില്‍ അപകടം ആപത്തുകള്‍ പിണയാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്. കല്‍പ്പാത്തിയില്‍ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി എടുക്കാത്തപക്ഷം തുടര്‍ന്നുള്ള ഉത്സവങ്ങളില്‍ നിരോധിച്ച ആയുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവുകയും അത് മനുഷ്യ ജീവനും സ്വത്തിനും വന്‍ നഷ്ടങ്ങള്‍ ഉണ്ടാവാനുള്ള സാഹചര്യവും വനം വകുപ്പിനയച്ച കത്തില്‍ ചൂണ്ടിക്കായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."