ചിറക്കല്‍ ചെറുപുഴ പദ്ധതി യാഥാര്‍ഥ്യമാകുന്നു
കയ്പമംഗലം: കയ്പമംഗലം എടത്തിരുത്തി പഞ്ചായത്തുകള്‍ കാത്തിരുന്ന ചിറക്കല്‍ ചെറുപുഴ പദ്ധതി യാഥാര്‍ഥ്യമാകുന്നു.
പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച നടക്കും. എടത്തിരുത്തി കയ്പമംഗലം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിറക്കല്‍ ചെറുപുഴ തോടുവഴി ശുദ്ധജലം പ്രവഹിപ്പിച്ച് രണ്ടു പഞ്ചായത്തുകളിലെ കുടിനീര്‍ ക്ഷാമവും കൃഷി, ജലസേചന പ്രശ്‌നങ്ങളും പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂത്തുമാക്കല്‍ ഷട്ടറിനടിയിലൂടെ കെ.എല്‍.ഡി.സി കനാലില്‍ നിന്നും ടണല്‍ വഴി ഈ തോട്ടിലേക്ക് ശുദ്ധ ജലം എത്തിക്കാനുള്ള 4.8 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കപ്പെട്ടിട്ട് മൂന്നു വര്‍ഷമാവുകയാണ്.
ഒരു വര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിക്കാത്തതാണ് പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നത്. കയ്പമംഗലം മുന്‍ എം.എല്‍.എ വി.എസ് സുനില്‍കുമാറിന്റെ 2015 - 16 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് തുക അനുവദിക്കുന്നത്. കോഴിത്തുമ്പില്‍ നിന്നും ആരംഭിച്ച് എടത്തിരുത്തി പൈനൂരില്‍ ചേരുന്ന തോടിന് 9 കിലോമീറ്ററിലധികം ദൈര്‍ഘ്യമുണ്ട്. ഇരു ഭാഗത്തുമുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതോടൊപ്പം വിളപ്പാടങ്ങളിലെ കൃഷിക്ക് ജലസേചനം നടത്താനും വെള്ളം ഉപയോഗിക്കാം എന്നാണ് കണക്കു കൂട്ടല്‍. ഒരു കാലത്ത് നാട്ടികയുടെ നെല്ലറയായ എടത്തിരുത്തി പഞ്ചായത്തില്‍ സമൃദ്ധമായ നെല്‍കൃഷിയുണ്ടായിരുന്ന പ്രദേശമായിരുന്നു. ഓരു വെള്ളത്തിന്റേയും ഉപ്പുവെള്ളത്തിന്റേയും സാന്നിധ്യം മൂലം കൃഷിയിറക്കാനാവാതെയും കുടിവെള്ളം കിട്ടാതെയും വിഷമിച്ച കനോലി കനാലിന്റെ സമീപ വാസികള്‍ക്ക് ഏറെ പ്രയോജനകരമാവും ചിറയ്ക്കല്‍ ചെറുപുഴ പദ്ധതി. മുപ്ലിയം ചിമ്മിനി ഡാമില്‍ നിന്ന് കെ.എല്‍.ഡി.സിയുടെ ബണ്ട് കനോലി കനാലിലൂടെ ഒഴുകിയെത്തുന്ന ശുദ്ധജലം കാട്ടൂര്‍, കാറളം, പടിയൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷിക ആവശ്യത്തിന് കൂത്തുമാക്കല്‍ കോതറ ഭാഗത്ത് അണകെട്ടി ഷട്ടര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന അധികജലം പി.സി കനാലിലേക്ക് ഉപയോഗം കഴിഞ്ഞ് വെറുതെ ഒഴുക്കിക്കളയുന്ന അവസ്ഥയായിരുന്നു. ഇങ്ങനെ ഒഴുക്കിക്കളയുന്ന വെള്ളം അണ്ടര്‍ ടണല്‍ വഴി ചിറയ്ക്കല്‍ ചെറുപുഴ തോട്ടിലേക്ക് കൊണ്ട്‌വന്ന് എടത്തിരുത്തി, മാണിയംതാഴം, പൈനൂര്‍ പാഠശേഖരങ്ങളെ പച്ച പുതപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."