ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിത്തുണി വയറിനുള്ളില്‍ മറന്നു വച്ചു അണുബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി വയറിനുള്ളില്‍ മറന്നു വച്ചതിനെ തുടര്‍ന്ന് അണുബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിയ്‌ക്കെതിരേ പ്രതിഷേം വ്യാപകമാകുന്നു. പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ മോഹനന്റെ ഭാര്യ അമ്പിളി(47) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.
കഴിഞ്ഞ പത്തിനാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അമ്പിളി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ദിവസങ്ങള്‍ക്കു ശേഷം കഠിനമായ വയറു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ തന്നെ അമ്പിളി ചികിത്സ തേടുകയും ചെയ്തു. അവിടെവച്ച് പരിശോധനയുടെ ഭാഗായി സ്‌കാനിങ്ങ് നടത്തിയെങ്കിലും പ്രശ്‌നം ഒന്നുമില്ലെന്നാണത്രേ ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ വേദന അസഹനീയമായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നവംബര്‍ 13നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അവിടെവച്ച് സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഞ്ഞിത്തുണി വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ പഞ്ഞിത്തുണിയുടെ സാന്നിധ്യം കൊണ്ട് വയറിനുള്ളില്‍ കനത്ത അണുബാധ ഉണ്ടായെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. 15 സെ.മീ നീളവും പത്ത് സെ.മീ വീതിയും രണ്ടിഞ്ച് കനവുമുള്ള പഞ്ഞിത്തുണി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.
തുണി ഉള്ളില്‍ കുടുങ്ങിയതു മൂലം ആന്തരിക അവയവങ്ങളും കുടലും തമ്മില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം അസോ. പ്രഫസര്‍ ഡോ. ബിന്നി ജോണിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തത്.
മരണ വിവരം പുറത്തറിഞ്ഞതോടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരുടെ ആവശ്യ പ്രകാരം ആര്‍.ഡി.ഓയുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷമാണ് അമ്പിളിയുടെ മൃതദേഹം വിട്ടു കൊടുത്തത്.
ശസ്ത്രക്രിയ നടത്തിയ അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് പൊലിസിനും മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ശരത്, അനു എന്നിവരാണ് അമ്പിളിയുടെ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."