ആര്‍.എസ്.പി(എല്‍)ന്റെ ഉദയം പൊട്ടിത്തെറികളുണ്ടാക്കും നാസര്‍ മൈനാഗപ്പള്ളി
ശാസ്താംകോട്ട: ആര്‍.എസ്.പി(ലെനിനിസ്റ്റ്)ന്റെ കുന്നത്തൂരിലെ ഉദയം ആര്‍.എസ്.പിയില്‍ പൊട്ടിത്തെറിക്കു കാരണമായേക്കും.
കുഞ്ഞുമോന്റെ തിളക്കമാര്‍ന്ന വിജയം ആര്‍.എസ്.പി(ലെനിനിസ്റ്റ്)യുടെ മറ്റൊരു പതിപ്പിന്റെ വളര്‍ച്ചയ്ക്കാണ് വേരു പാകിയത്. ഇവിടെ യു.ഡി.എഫിന്റെ ആര്‍.എസ്.പി സ്ഥാനാര്‍ഥിയെ 20529 വോട്ടുകള്‍ക്കാണ് കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്. കുഞ്ഞുമോനെ തളയ്ക്കാനാണ് ബന്ധുകൂടിയായ ഉല്ലാസിനെ ആര്‍.എസ്.പി കളത്തിലിറക്കിയത്. എന്നാല്‍ വിപരീതമായിരുന്നു ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞുമോന് കിട്ടിയതിനേക്കാള്‍ ഏഴായിരത്തോളം വോട്ടുകള്‍ അധികം നേടിയാണ് ഇത്തവണ വിജയം നുണഞ്ഞത്. കുഞ്ഞുമോന്റെ ഈ വിജയം ആര്‍.എസ്.പി കേന്ദ്രങ്ങളില്‍ വന്‍ ഞെട്ടലാണ് ഉണ്ടാക്കിയത്.
ഇത്തവണത്തെ ആര്‍.എസ്.പിക്കുണ്ടായ തോല്‍വി മുന്നണിമാറ്റത്തിലൂടെയുണ്ടായ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ആര്‍.എസ്.പിയെ യു.ഡി.എഫില്‍ കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ ഷിബു ബേബിജോണിന്റെ ചവറയിലെ പരാജയവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ ഇരവിപുരത്തെ വന്‍ തോല്‍വിയും പാര്‍ട്ടിയ്ക്ക് വന്‍ ക്ഷീണമാണുണ്ടാക്കിയത്.
എ.എ അസീസിസ് ഇരുപത്തി എണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്ക് തോല്‍ക്കേണ്ടത് വന്നത് പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരമായിരുന്നു. ഇതു കൂടാതെ തൃശൂര്‍ കയ്പമംഗലത്തും, ആറ്റിങ്ങലിലും, പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റതോടെ ആര്‍.എസ്.പി പൂര്‍ണ്ണമായും തകര്‍ന്നടിയുന്ന സ്ഥിതിയായി.
14ാമത്തെ നിമയസഭയില്‍ ഒരു സീറ്റുപോലും നേടാത്ത ആര്‍.എസ്.പിക്ക് ഇനി നേരിടേണ്ടി വരുന്നത് അഗ്നി പരീക്ഷകളായിരിക്കും.
കുഞ്ഞുമോന്റെ വിജയം വരും നാളുകളില്‍ ആര്‍.എസ്.പിയുടെ പിളര്‍പ്പിനും, പ്രവര്‍ത്തകരുടെ രാജിവെക്കലിനും കാരണമായേക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."