പീഡനകേന്ദ്രമായി കുണ്ടറ പൊലിസ് സ്റ്റേഷന്‍: ഒടുവില്‍ മരിച്ചത് സി.പി.ഐ നേതാവ്
സ്വന്തം ലേഖകന്‍
കൊല്ലം: പീഡനകേന്ദ്രമായി കുണ്ടറ പൊലിസ് സ്റ്റേഷന്‍ മാറുന്നു.
നിരവധി കസ്റ്റഡി മരണങ്ങളുടേയും മര്‍ദ്ദനങ്ങളുടെയും പേരില്‍ അടുത്തകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച പൊലിസ് സ്റ്റേഷനില്‍ ഏറ്റവുമൊടുവിലത്തെ ഇരയായത് ജനകീയനായ സി.പി.ഐ നേതാവായിരുന്നു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡോള്‍ഫസാ(62)ണ് പൊലിസ് അതിക്രമത്തെത്തുടര്‍ന്ന് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 6.30 ഓടെ മരുന്ന് വാങ്ങാന്‍ സി.പി.ഐ പ്രവര്‍ത്തകനായ ആന്റണിയുടെ സ്‌കൂട്ടറിന്റെ പുറകിലിരുന്ന് കുണ്ടറയിലേക്ക് പോയ ഡോള്‍ഫസ് രാത്രി 9ഓടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബ്രയിന്‍ ട്യൂമര്‍ ബാധിതനായിരുന്ന ഡോള്‍ഫസ് ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങാനാണ് പോയത്. സ്‌കൂട്ടറോടിക്കാത്ത ഡോള്‍ഫസ്, ആന്റണിയുടെ സ്‌കൂട്ടറിന് പുറകിലിരുന്നു പോകുമ്പോള്‍ കുണ്ടറ പൊലിസ് സ്റ്റേഷനു സമീപം ഹെല്‍മറ്റില്ലെന്ന പേരില്‍ പൊലിസ് തടഞ്ഞ് നിറുത്തി. ഫൈന്‍ അടയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങിയ ഡോള്‍ഫസിന്റെ കൈ വിറയ്ക്കുന്നത് കണ്ട് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായിട്ടാണ് സബ് ഇന്‍സ്പക്ടര്‍ പ്രതികരിച്ചത്. ഇങ്ങനെയാണോ പൊലിസ് പെരുമാറേണ്ടതെന്ന് ചോദിച്ച ഡോള്‍ഫസ്, പൊതുജനങ്ങളോട് നന്നായി പെരുമാറണമെന്ന് പറഞ്ഞത് എസ്.ഐക്ക് ഇഷ്ടപ്പെട്ടില്ല. ശേഷം എസ്.ഐ ബലം പ്രയോഗിച്ച് ആന്റണിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ ആന്റണി മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ആന്റണിയെ കൊണ്ടുപോയതിനു പിറകേ പൊലിസ് സ്റ്റേഷനിലേക്ക് പോകാന്‍ ശ്രമിച്ച ഡോള്‍ഫസ് നടക്കാനാവാതെ വഴിയിലിരുന്നു. ബോധരഹിതനായിവീണ ഡോള്‍ഫസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി വൈകി ഡോള്‍ഫസ് മരണമടഞ്ഞു. കെ.എസ്.ഇ.ബിയില്‍ നിന്ന് വിരമിച്ച ഡോള്‍ഫസ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്നു.
ഡോള്‍ഫസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പൊലിസ് അതിക്രമം മൂലമാണ് ഡോള്‍ഫസ് മരണമടഞ്ഞതെന്നും കുറ്റവാളികളായ പൊലിസുകാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുമെന്നും ഡോള്‍ഫസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഡോള്‍ഫസിന് ഒരു മകന്‍ മാത്രമേയുള്ളൂ.
കുണ്ടറ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഒരു ദളിത് യുവാവ് മരണമടഞ്ഞിട്ട് ഒരു മാസം തികയുന്നതിനു മുമ്പാണ് പൊലിസ് അതിക്രമത്തില്‍ വീണ്ടും മരണമുണ്ടായത്. അന്നു പൊലിസ് സ്‌റ്റേഷനിലെത്തിയ ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയോടും ധിക്കാരപരമായാണ് എസ്.ഐ പെരുമാറിയതെന്നു പരാതി ഉയര്‍ന്നിരുന്നു. അശ്ലീല ഫോണ്‍ വിളിയെക്കുറിച്ച് പരാതിപ്പെട്ട യുവതിയെയും ബന്ധുക്കളെയും ഡോള്‍ഫസിന്റെ മരണത്തിന് ഉത്തരവാദിയായ എസ്.ഐ അവഹേളിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
കുണ്ടറ പൊലിസ് സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അഞ്ചാലുംമൂട് പൊലിസ്‌സ്റ്റേഷനില്‍ രണ്ട് ദലിത് യുവാക്കള്‍ 5 ദിവസം അന്യായതടങ്കലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതു കഴിഞ്ഞമാസമായിരുന്നു. കുണ്ടറ പൊലിസിനെതിരെ ഇടതുമുന്നണി നേതാക്കള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."