നോട്ടോട്ടം 11ാം ദിനം; വരിയൊഴിയാതെ ബാങ്കുകള്‍
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം 11 ദിനം പിന്നിട്ടിട്ടും പണത്തിനു വേണ്ടിയുള്ള ജനങ്ങളുടെ നെട്ടോട്ടത്തിന് അറുതിയില്ല. സംസ്ഥാനത്തെ ബാങ്കുകളിലും എ.ടി.എമ്മുകളിലും ഇന്നലെ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. വരി നിന്നവരില്‍ വലിയൊരു വിഭാഗം വെറുംകൈയോടെ മടങ്ങുകയും ചെയ്തു.
ഇന്ന് ബാങ്ക് അവധിയായതിനാല്‍ കഴിഞ്ഞ ചില ദിനങ്ങളിലേതിനേക്കാളേറെ ആളുകള്‍ ഇന്നലെ ബാങ്കുകളിലും എ.ടി.എമ്മുകളിലുമെത്തി. ഇന്നലെ പഴയ നോട്ടുമാറുന്നത് മുതിര്‍ന്ന പൗരര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും നിക്ഷേപിക്കുന്നവരുടെയും പണമെടുക്കാനെത്തുന്നവരുടെയും എണ്ണം ബാങ്കുകളില്‍ പെരുകി. എ.ടി.എമ്മുകളില്‍ അധികവും ഇന്നലെയും പ്രവര്‍ത്തിച്ചില്ല. ബാങ്കുകളോടു ചേര്‍ന്നുള്ളവയിലും പ്രധാന നഗരങ്ങളിലുള്ളവയിലും മാത്രമാണു പണം ലഭ്യമായത്. അവതന്നെ പണം നിറച്ച് ഒട്ടും വൈകാതെ കാലിയായതിനാല്‍ മണിക്കൂറുകള്‍ വരി നിന്നവര്‍ നിരാശരായി മടങ്ങി. ഉള്ള എ.ടി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളും ഏറെ ദുരിതത്തിലായി. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഈ മേഖലയിലെ പ്രതിസന്ധി മൂലം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. നോട്ടിന്റെ ലഭ്യതക്കുറവു മൂലം വ്യാപാരമേഖലയും ഇതുവരെ സാധാരണ നിലയിലായിട്ടില്ല.
അതേസമയം, നിര്‍ജീവമായിക്കിടന്നിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നടപടിയുമായി ആദായനികുതി വകുപ്പ് രംഗത്തുവന്നിട്ടുണ്ട്. വലിയ തുകയുടെ ഇടപാട് നടക്കാതിരുന്ന അക്കൗണ്ടുകളില്‍ 2.50 ലക്ഷം മുതല്‍ മുകളിലേക്കു പണം വന്നു തുടങ്ങിയതോടെയാണ് ആദായനികുതി അധികൃതര്‍ നടപടിക്കു തുടക്കമിട്ടത്.
ഇത്തരം അക്കൗണ്ടുകളിലെ ഇടപാടുകാര്‍ക്ക് ഇന്നലെ നോട്ടിസയച്ചു തുടങ്ങി. അടുത്ത ദിവസങ്ങളില്‍ നേരിട്ട് ഹാജരായി പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ അക്കൗണ്ടിലും അടയ്ക്കുന്ന 500, 1000 രൂപയുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ബാങ്കുകള്‍ ആദായനികുതി വകുപ്പിന് ഓണ്‍ലൈന്‍ വഴി കൈമാറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."