ഒറ്റമൂലികളുമായി ചെടിയമ്മ പിലിക്കോടുണ്ട്
ചെറുവത്തൂര്‍: അറുന്നൂറോളം ഔഷധ സസ്യങ്ങളുടെ ഉടമയും നാട്ടറിവിന്റെ അപൂര്‍വ ഖനിയുമായ ചെടിയമ്മ എന്ന അന്നമ്മ ദേവസ്യ പിലിക്കോടെത്തി. ഉത്തരമേഖല കാര്‍ഷിക ഗവേഷണകേന്ദ്രം കാര്‍ഷിക പ്രദര്‍ശന നഗരിയിലാണ് ഒറ്റമൂലികളുമായി കോഴിക്കോട് മുക്കത്തു നിന്നു ചെടിയമ്മ എത്തിയിരിക്കുന്നത്. സോറിയാസിസ്, മഞ്ഞപ്പിത്തം, വാതം എന്നിവ ഭേദമാക്കുന്നതില്‍ വിദഗ്ധയായ ഇവര്‍ എണ്‍പത്തിമൂന്നാം വയസിലും നാട്ടറിവുകള്‍ പകര്‍ന്നു നല്‍കിയുള്ള തന്റെ യാത്ര തുടരുകയാണ്.
എല്ലാവരുടെയും പ്രിയപ്പെട്ട ഈ വൈദ്യ മുത്തശ്ശി പറയുന്നത് നമ്മള്‍ കാടെന്നു പറഞ്ഞു കളയുന്നതില്‍ പലതും വിലപ്പെട്ട മരുന്നുകളാണ് എന്നാണ്. സഞ്ചരിക്കുന്ന സസ്യവിജ്ഞാന കോശം എന്നാണു പ്രിയപ്പെട്ടവര്‍ അന്നമ്മയെ വിളിക്കുന്നത്. സാധാരണക്കാരായ രോഗികള്‍ മുതല്‍ പ്രശസ്ത സ്ഥാപനങ്ങളിലെ ഗവേഷകര്‍ വരെ അന്നമ്മയെ തേടിയെത്താറുണ്ട്.
1991 മുതലാണ് ഇവര്‍ മരുന്നു ചെടികളെക്കുറിച്ച് ക്ലാസെടുത്തു തുടങ്ങിയത്. ചെടികള്‍ കൊണ്ടുവന്നു അവയെ പരിചയപ്പെടുത്തിയാണ് അന്നമ്മ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
അറിയപ്പെടുന്ന നാട്ടുവൈദ്യനായിരുന്നു ഇവരുടെ വല്യപ്പന്‍ ഇല്ലിക്കല്‍ ഇസ്ഹാഖ്. മാറാരോഗങ്ങള്‍ ഒറ്റമൂലി കൊണ്ട് മാറ്റുന്ന ചികിത്സ ഇദ്ദേഹത്തില്‍ നിന്നാണു പഠിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഫോക്‌ലോര്‍ വിഭാഗത്തില്‍ റിസോഴ്‌സ് പേഴ്‌സണായും അന്നമ്മ എത്താറുണ്ട്.. ഹെര്‍ബല്‍ ഗാര്‍ഡനും മറ്റും ഒരുക്കുമ്പോള്‍ പേരറിയാത്ത ചെടികളെ കണ്ടെത്തുന്നതിനു നിരവധി ശാസ്ത്രജ്ഞരും ഇവരുടെ സഹായം തേടിയെത്തിയിട്ടുണ്ട്.
ചെടികളുടെ ലോകത്തു തന്നെ ജീവിക്കുന്നതിനാലാണ് ഇവര്‍ക്കു ചെടിയമ്മയെന്ന പേരു ലഭിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി മുക്കത്തെ ഹൈലൈഫ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയും നടത്തുന്നുണ്ട്. ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഫെസ്റ്റ് അവസാനിക്കുന്ന 28 വരെ ചെടിയമ്മ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."