മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സഊദിയില്‍ ടാക്സിയില്‍ കവര്‍ച്ചക്കിരയായി
റിയാദ്: പാകിസ്താനികളുടെ ടാക്സി കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സാമൂഹിക പ്രവര്‍ത്തകര്‍ കവര്ച്ചിക്കരയായി. ഒ.ഐ.സി.സി സഊദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി കൂടാളിയും പത്തനംതിട്ട സിക്രട്ടറി അയിരൂര്‍ ബിജോയിയുമാണ് രണ്ടിടങ്ങളിലായി കവര്‍ച്ചക്കിരയായത്.
അല്‍ ഖര്‍ജില്‍ നിന്നും ഉംറ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പില്‍ മുഹമ്മദലി പാകിസ്താന് പൗരന്റെ ടാക്സിയില്‍ റിയാദിലേക്ക് വരുമ്പോഴാണ് സംഭവം. എക്സിറ്റ് 18 ല്‍ എത്തിയപ്പോള്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് കാര്‍ ഓടിച്ചു പോവുകയും കാറിലുണ്ടായിരുന്ന മറ്റു രണ്ടു പാകിസ്താനികളും കൂടി ചേര്‍ന്ന് ആക്രമിച്ച് കയ്യിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, വാച്ച്, മോതിരം, പേഴ്സ് എന്നിവയും കൈക്കലാക്കി. പിന്നീട് സംഘത്തിലൊരാള്‍ നമ്പര്‍ പ്ലേറ്റ് മാറ്റി വേഗത്തില്‍ ഓടിച്ചു പോവുകയുമായിരുന്നു.
ഒ.ഐ.സി.സി സംഘടിപ്പിച്ച ശിശുദിന പരിപാടിയില്‍ പങ്കെടുത്ത് രാത്രി താമസ സ്ഥലത്തേക്ക് ടാക്സിയില്‍ പോകുമ്പോഴാണ് ബിജോയി കൊള്ളയടിക്കിരയായത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കാര്‍ ഓടിച്ച ഡ്രൈവര്‍ ഫോണ്‍ വിളിച്ച് സുഹൃത്തിനെയും വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബിജോയിയുടെ നെഞ്ചിനിടിക്കുകയും കയ്യിലുള്ള എ.ടി.എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, വാച്ച്, മോതിരം, പേഴ്സ് തുടങ്ങി സകല വസ്തുക്കളും കവര്‍ന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി കവര്ച്ചിക്കരയായതോടെ പ്രവാസി മലയാളികള്‍ ഭീതിയിലാണ്. ടാക്സികളില്‍ യാത്ര ചെയ്യുന്നത് വളരെ കരുതലോടെ വേണമെന്നും പ്രൈവറ്റ് ടാക്സികള്‍ ഉപയോഗിക്കരുതെന്നും കെഡിറ്റ് കാര്‍ഡുകള്‍, കൂടുതല്‍ പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടു നടക്കരുതെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."