ജനങ്ങളുടെ വിശ്വാസം കാക്കും, ശൈലി മാറ്റില്ല: എം.എം മണി
തിരുവനന്തപുരം: തന്നെ മന്ത്രിയായി തെരഞ്ഞെടുത്തതില്‍ സന്തോഷവും പാര്‍ട്ടിയോട് കടപ്പാടും ഉണ്ടെന്ന് എം.എം.മണി. ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏത് വകുപ്പാണ് തനിക്ക് നല്‍കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും. ഏത് വകുപ്പ് കിട്ടിയാലും ഒരു കൈ നോക്കും. ഇടുക്കിക്കാരുടെ മന്ത്രി മാത്രമായല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും മന്ത്രിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. തന്നെ സംബന്ധിച്ചടത്തോളം കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. സമൂഹത്തിന്റെ താഴേതട്ടിലുള്ള തനിക്ക് മന്ത്രിയാവാന്‍ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതിനാലാണ്. വേറെ ഏതെങ്കിലും ബൂര്‍ഷ്വാ പാര്‍ട്ടിയില്‍ ആയിരുന്നേല്‍ ഇതൊന്നും നടക്കുമായിരുന്നില്ല. അവിടയൊക്കെ കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്ന നയമാണ് - മണി പറഞ്ഞു. താനൊരു സാധാരണക്കാരനാണ്. ഇടുക്കിയിലെ കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന് പ്രതിസന്ധികളെ നേരിട്ട് മന്ത്രി വരെ ആയി. 27 വര്‍ഷം ജില്ലാ സെക്രട്ടറി ആയിരുന്നു താന്‍. അത് ചില്ലറക്കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ശൈലി മാറ്റുമോയെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്ന് മണി മറുപടി നല്കി. ഇ.എം.എസിന് ഒരു ശൈലി വി.എസ്.അച്യുതാനന്ദന് മറ്റൊരു ശൈലി, ഉമ്മന്‍ചാണ്ടിക്കൊരു ശൈലി, കെ.കരുണാകരന് വേറൊരു ശൈലി. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. അത് അംഗീകരിച്ച് എല്ലാവരും പോവുന്നില്ലേയെന്നും മണി ചോദിച്ചു. വിവാദ പ്രസംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊന്നും വലിയ കാര്യമല്ല എന്നായിരുന്നു മണിയുടെ മറുപടി. ഓണം വരാനും ഒരു മൂലം വേണമെന്ന് പറയുന്നത് പോലെ മാത്രമാണ് അതെല്ലാമെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."