കിന്‍ഫ്ര റോഡില്‍ ഗ്യാസ് ലൈന്‍ കുഴിച്ചത് മണ്ണിട്ട് പോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
കളമശ്ശേരി : എച്ച്.എം.ടി കോളനി കിന്‍ഫ്ര റോഡില്‍ ഗ്യാസ് ലൈന്‍ പദ്ധതിക്കായി റോഡ് കുഴിച്ച ഭാഗത്ത് മണ്ണിട്ട് മൂടി പോകാനുള്ള നീക്കം കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. എച്ച്.എം.ടി കോളനിയിലേക്കുള്ള റോഡ് കാലങ്ങളായി പൊളിഞ്ഞ് ശോചനീയമായി കിടക്കുകയായിരുന്നു. കിന്‍ഫ്രയുടെ അധീനതയിലുള്ള റോഡ് നന്നാക്കാന്‍ കാലങ്ങളായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടിരുന്നില്ല.
ഒടുവില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് റോഡിന്റെ നിര്‍മ്മാണം പി.ഡബ്ല്യു.ഡി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച്ച റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോഴാണ് ഗ്യാസ് ലൈന്‍ കുഴിക്കാന്‍ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡ് എത്തിയത്. റോഡിന്റെ കരാറുകാരാന് റോഡ് മെറ്റലിട്ട് ഒതുക്കിയ ശേഷമാണ് ഗ്യാസ് കമ്പനി കുഴിയെടുക്കാന്‍ വന്നത്. അന്ന് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ കഴിയെടുക്കുന്ന ഭാഗത്ത് മണ്ണിട്ട് മൂടി മെറ്റലിട്ട് ഉറപ്പിക്കാമെന്ന് കമ്പനി അധികൃതര്‍ കൗണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഗ്യാസ് കമ്പനി പൈപ്പിടാനായി മുന്നൂറ് മീറ്റര്‍ നീളത്തില്‍ റോഡ് കുഴിച്ചു. പക്ഷെ ഗ്യാസ് ലൈന്‍ പൈപ്പ് ഇട്ടതിന് ശേഷം വെറുതെ മണ്ണിട്ട് മൂടാനുള്ള നീക്കമാണ് 10, 12 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്.
ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായതിനാല്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച പൊതുമരാമത്ത്, കിന്‍ഫ്ര അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷം നിര്‍മ്മാണം തുടര്‍ന്നാല്‍ മതിയെന്ന തീരുമാനത്തില്‍ ഗ്യാസ് കമ്പനി പ്രവൃത്തികള്‍ നിറുത്തി വച്ചു. റോഡ് ടാറിങ്ങും പാതി വഴിയില്‍ നിറുത്തി വച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഗ്യാസ് കമ്പനി മെഡിക്കല്‍ കോളേജിലേക്കുള്ള ഗ്യാസ് കണക്ഷന് വിഛേദിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടാണ് കണക്ഷന് പുനസ്ഥാപിച്ചത്. ഈ വിഷയത്തിലും കലക്ടറുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."