സ്ത്രീ, കുടുംബ വിഷയങ്ങളില്‍ ശക്തമായി ഇടപെട്ട് വ്യക്തി നിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: സ്ത്രീവിഷയങ്ങളിലും കുടുംബ പ്രശ്‌നങ്ങളിലും ശക്തമായി ഇടപെട്ട് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ആദ്യപടിയായി ബോര്‍ഡിനു കീഴില്‍ വനിതാ വിങ് രൂപീകരിക്കും. മുത്വലാഖ്, വിവാഹം, വിവാഹമോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു പുറമെ സ്ത്രീവിദ്യാഭ്യാസം, കുടുംബപ്രശ്‌നം തുടങ്ങിയ കാര്യങ്ങളിലും വനിതാ വിങ് ശക്തമായ ഇടപെടല്‍ നടത്തും. ദാറുല്‍ഖദാ (പ്രാദേശിക ഒത്തുതീര്‍പ്പു സമിതി) പോലെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരാതി നല്‍കാനുമായി ഇംഗ്ലിഷ്, ഉര്‍ദു ഭാഷകളിലും എട്ടു പ്രാദേശികഭാഷകളിലും കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഓരോ കേന്ദ്രങ്ങളിലും ടോള്‍ഫ്രീ നമ്പറുകളും ഉണ്ടാവും. കുടുംബപ്രശ്‌നങ്ങള്‍ പരമാവധി ചര്‍ച്ചയിലൂടെ പരിഹരിക്കാനായി കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ നിന്ന് പ്രശ്‌നപരിഹാര ശ്രമങ്ങളുമുണ്ടാവും.
രൂപീകരിച്ചിട്ടു നാലുപതിറ്റാണ്ട് പിന്നിട്ട വ്യക്തിനിയമ ബോര്‍ഡ് ഇതാദ്യമായാണ് സ്ത്രീ വിഷയങ്ങളിലും കുടുംബപ്രശ്‌നങ്ങളിലും ശക്തമായി ഇടപെടാന്‍ തീരുമാനിക്കുന്നത്. കൊല്‍ക്കത്തയില്‍ ഇന്നലെ സമാപിച്ച ബോര്‍ഡിന്റെ ഇരുപത്തിയഞ്ചാമത് ത്രിദിന സമ്മേളനത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
അതേസമയം, ഏകസിവില്‍കോഡ് വിഷയം ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് മതധ്രുവീകരണം ലക്ഷ്യംവച്ചാണെന്ന് ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിലെ സ്ത്രീകള്‍ എപ്പോഴും വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയായി കഴിയുകയാണെന്ന് സര്‍ക്കാര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ബോര്‍ഡിലെ വനിതാം അഗം അസ്മ സുഹ്‌റ പറഞ്ഞു. മുസ്‌ലിംകളുടെ ജീവിതരീതി ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ടതാണ്. ശരീഅത്ത് നിയമമാവട്ടെ ഖുര്‍ആനും പ്രവാചകചര്യയുമാണ്. ശരീഅത്ത് നിയമം മാറ്റുന്നത് മുസ്‌ലിംകള്‍ അനുവദിക്കില്ല. ഈ വിഷയത്തില്‍ ബോര്‍ഡിന്റെ കാഴ്ചപ്പാട് വിശദമായ സത്യവാങ്മൂലംവഴി സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സമ്മേളനം ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേ പ്രമേയം പാസാക്കിയാണ് സമാപിച്ചത്. സമാപനത്തോടനുബന്ധിച്ച് കൊല്‍ക്കത്ത നഗരത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു. സമ്മേളനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റാബിഅ് ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്ന് സമസ്തകേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."