ആസ്വദിച്ചു കുടിച്ചോളൂ....കാപ്പിയെ പേടിക്കേണ്ട
കാപ്പി കുടിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കേരളത്തില്‍ പ്രത്യേകിച്ച് ചായക്കാണ് മുന്‍തൂക്കം. കാപ്പി ഒഴിവാക്കുന്നതിനു പലകാരണങ്ങളുണ്ടെങ്കിലും പ്രധാനമായും ചിലര്‍ പറഞ്ഞുകാണുന്നത് ആരോഗ്യപ്രശ്‌നങ്ങളാണ്. എന്നാല്‍ അതങ്ങനെയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. കാഫീന്റെ സാന്നിധ്യം അധികമുള്ളത് ദോഷകരമാണെന്ന വസ്തുത ഇരിക്കേത്തന്നെ കാപ്പി ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പല പ്രശ്‌നങ്ങളില്‍ നിന്നും ഒഴിവാകാം.
1. കാപ്പി സമയം
വെളുപ്പിനെ എഴുന്നേറ്റാലുടന്‍ ഒരു കട്ടന്‍ കാപ്പി പല വീടുകളിലും ഇന്നും തുടരുന്നതാണ്. പണത്തിനനുസരിച്ച് ചിലര്‍ പാല്‍കാപ്പി ആക്കിയിട്ടുമുണ്ട്. ചായ പ്രഭാതഭക്ഷണത്തോടൊപ്പമായിരിക്കും. എന്നാല്‍ ഉണര്‍ന്നെണീറ്റാലുടന്‍ കാപ്പി കഴിക്കുന്നത് ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത് അങ്ങനെ കുടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെന്ന്. കാപ്പി ഉന്‍മേഷ ദായകമാണ്. ഉണര്‍ന്നെണീക്കുമ്പോള്‍ ഉന്മേഷം ഇല്ലെന്നത് തോന്നല്‍ മാത്രമാണ്. ഉണര്‍ന്നെണീക്കുന്ന ഒരാള്‍ക്ക് ആദ്യത്തെ രണ്ടു മണിക്കൂറില്‍ ഉന്മേഷം കൂടുതലായിരിക്കും. ശരീരത്തില്‍ കോര്‍ട്ടിസോണിന്റെ അളവ് കൂടുതലായതിനാലാണിത്. അതേസമയം ഓഫിസിലേക്കെത്തുമ്പോള്‍ പലര്‍ക്കും ഉന്‍മേഷം നഷ്ടപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു. ഒരേ ജോലി, ഒരേ സ്ഥലം ഇതൊന്നുമല്ല, മറിച്ച് ശരീരത്തില്‍ കോര്‍ട്ടിസോണിന്റെ അളവ് കുറയുന്നതാണ് അതിനുകാരണം. അപ്പോഴൊരു കാപ്പി കുടിക്കൂ. ഉന്മേഷം തിരിച്ചുവരുന്നതു അനുഭവിച്ചറിയാം.
2. കാപ്പിയ്ക്കും ഇടവേള
രണ്ടുകപ്പു കാപ്പി കുടിച്ച് ഉന്മേഷം നേടാമെന്നു കരുതുന്നത് ദോഷകരമാണ്. കാപ്പി ഇടവേളകളിലാവാം. കാഫീന്‍ കൂടുതലായി ഉള്ളിലെത്തുന്നത് ഗുണകരമല്ല. ഇടവേളകളില്‍ കഴിക്കുന്നതുകൊണ്ട് വലിയ ദോഷമില്ല. അതുപോലെ ഓരോതവണ കുടിയ്ക്കുന്ന കാപ്പിയുടെ അളവും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കപ്പ് കാപ്പിയാണ് നിങ്ങള്‍ കുടിക്കുന്നതെങ്കില്‍ അത് അരക്കപ്പ് ആക്കി രണ്ടു നേരങ്ങളില്‍ കുടിക്കുന്നതാണ് കൂടുതല്‍ ഗുണപ്രദവും ആരോഗ്യകരവും.
3. കാപ്പിക്കൊപ്പം ഭക്ഷണം
കാപ്പിക്കൊപ്പം ഭക്ഷണം വേണ്ടേ വേണ്ട. ഭക്ഷണത്തോടൊപ്പമോ ഭക്ഷണ ശേഷമോ ഒരു കാപ്പി കുടിക്കുന്നത് ചിലരുടെയെങ്കിലും ശീലമാണ്. അത് ഉന്‍മേഷം നല്‍കുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്യാം. അത് കാപ്പി കുടിയ്ക്കുമ്പോള്‍ മാത്രമാണ്. എന്നാല്‍ അതിനുശേഷം നിങ്ങള്‍ ചെയ്യുന്ന ഏതു ജോലിയും നന്നാവില്ല. അഥവാ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് കാപ്പി കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഉറക്കത്തെ അകറ്റുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് കാപ്പി കുടിയ്ക്കണമെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറിന്റെയെങ്കിലും ഇടവേള നല്‍കണം. എന്നാല്‍ രാത്രി ഭക്ഷണം കഴിഞ്ഞ് കാപ്പി പൂര്‍ണമായും ഒഴിവാക്കുകതന്നെവേണം.
4. മയക്കവും കാപ്പിയും
ലഘുനിദ്ര അല്ലെങ്കില്‍ ചെറിയ മയക്കത്തിനു മുന്‍പ് ഒരു കപ്പ് കാപ്പി നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉണര്‍ന്നെണീക്കുമ്പോള്‍ ഒരു പ്രത്യേക ഉന്മേഷം അത് പ്രദാനം ചെയ്യുന്നതായി അവര്‍ അഭിപ്രായപ്പെടുന്നു. ലഘുനിദ്ര കാപ്പിയില്ലെങ്കില്‍ പോലും നല്ലതായിരിക്കേ കാപ്പിക്കുശേഷമുള്ള മയക്കം കൂടുതല്‍ ഉന്മേഷം നല്‍കുന്നത് കാഫീന്റെ ഗുണമാണെന്നാണ് വിശദീകരണം.
5. കാപ്പിക്കു മുന്‍പ് പച്ചവെള്ളം
കാപ്പി കുടിക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം കാപ്പിക്ക് ശരീരത്തിലെ വെള്ളത്തിന്റെ അളവില്‍ കുറവ് ഉണ്ടാക്കാനുള്ള പ്രവണതയുണ്ട് എന്നതാണ്. കാപ്പി കുടിക്കുന്നത് കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ കാരണമാകും. മൂത്രവിസര്‍ജനം ത്വരിതമാക്കുന്ന ഘടകങ്ങള്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്നു. ഇത് നിര്‍ജലീകരണത്തിന് കാരണമാകും. അത് ഒഴിവാക്കാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. കാപ്പിക്കു ശേഷം വെള്ളം കുടിക്കുന്നതുകൊണ്ടും പ്രശ്‌നമില്ല.
6. കാപ്പിയിലെ കാഫീന്‍
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് കാഫീന്‍. കാഫീന്റെ അളവ് ക്രമാതീതമായി കൂടുന്നത് ദോഷകരമാണ്. അതുകൊണ്ടുതന്നെ എത്രമാത്രം കാഫീന്‍ ഉള്ളിലെത്തുന്നു എന്നറിഞ്ഞുവേണം കാപ്പി കുടിയ്ക്കാന്‍. പ്രതിദിനം ശരാശരി 400 മില്ലീഗ്രാം കാഫീന്‍ ശരീരത്തിലെത്തിയാല്‍ പോലും വലിയ കുഴപ്പമുണ്ടാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിര്‍ന്നവര്‍ക്ക് ഈ അളവിലുള്ള കാഫീന്‍ ആരോഗ്യപ്രശ്‌നങ്ങളിതുണ്ടാക്കുന്നില്ലെങ്കിലും കുട്ടികള്‍ക്ക് ഇത്രയധികം അനുവദനീയമല്ല. മേല്‍പ്പറഞ്ഞതില്‍ നിന്നും കൂടുതല്‍ കാഫീന്‍ ഉള്ളില്‍ ചെന്നാല്‍ അത്് ചൊറിച്ചില്‍, അസ്വസ്ഥത, ശുണ്ഠി, വായുകോപം, ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിക്കും.
7. പഠനത്തിനുശേഷം കാപ്പി
പഠനത്തിനുശേഷമോ പുതുതായി ഏതെങ്കിലും അറിവുകള്‍ ശേഖരിച്ചശേഷമോ ഒരു ചെറിയകപ്പ് കാപ്പി കഴിക്കുന്നത് ഉത്തമമാണ്. അത് ബുദ്ധിശക്തിയും ഓര്‍മ ശക്തിയും വര്‍ധിപ്പിക്കും. പ്രത്യേകിച്ച് ഏതെങ്കിലും പ്രോജക്ടില്‍ കഠിനമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടിവരുമ്പോള്‍ ഒരു കപ്പ് കാപ്പിക്കുശേഷം അതിലേക്കു കടക്കുന്നത് കൂടുതല്‍ ശ്രദ്ധിക്കാനും ഓര്‍മിക്കാനും ബുദ്ധികൂര്‍മതയോടെ ചിന്തിക്കാനും പ്രയോജനപ്രദമാണ്.
8. വ്യായാമത്തിനു മുന്‍പ്
വ്യായാമത്തിനുമുന്‍പ് ഒരു കപ്പ് കാപ്പി നല്ല പ്രവണതയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പരിശീലകരൊട്ടുമുക്കാലും ഇതിനെതിരാണെങ്കിലും ഇതു ഫലം ചെയ്യുമെന്നുതന്നെയാണ് പഠനങ്ങള്‍ പറയുന്നത്. ഡയറ്റീഷ്യന്‍മാരും ഇത് അനുവദിക്കുന്നില്ല. നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ കുടൂതല്‍ താല്‍പര്യം ജനിപ്പിക്കാന്‍ കാപ്പിക്കു കഴിയും. കാഫീന്‍ നിങ്ങളില്‍ ശുഷ്‌കാന്തി വര്‍ധിപ്പിക്കും.
9. എങ്ങനെ കുടിക്കണം
കാപ്പി കുടിക്കുന്നത് നല്ലതാണെങ്കിലും എങ്ങനെ കുടിക്കുന്നു എന്നതിലുമുണ്ട് കാര്യം. സാധാരണ ഗതിയില്‍ പഞ്ചസാരയും പാലും ചേര്‍ത്ത് കഴിക്കുക എന്ന ചിന്തയാവും മനസില്‍ വരിക. എന്നാല്‍ മൃഗങ്ങളുടെ പാലിനുപകരം തേങ്ങാപ്പാല്‍, ആല്‍മോണ്ട് മില്‍ക്ക്, സോയാ മില്‍ക്ക് എന്നിവയിലേതെങ്കിലും ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ ഗുണമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ പഞ്ചസാര ചേര്‍ക്കുന്നതിനോടും വിദഗ്ധര്‍ക്ക് കൂടുതല്‍ യോജിപ്പില്ല. പകരം ശുദ്ധമായ തേന്‍ ചേര്‍ക്കുന്നത് ഗുണം കൂട്ടും. കട്ടന്‍ കാപ്പി പഞ്ചസാര ചേര്‍ക്കാതെ കഴിക്കുന്നത് ഏറെ ഉത്തമമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."