വിഴിഞ്ഞം പഴയ വാര്‍ഫ് ശോച്യാവസ്ഥയില്‍ അധികൃതരേ നടപടിയെടുക്കുമോ..?
കോവളം:അന്യരാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കം നടക്കുന്ന വിഴിഞ്ഞത്തെ പഴയ വാര്‍ഫ് ശോച്യാവസ്ഥയില്‍.
പോര്‍ട്ട്, കസ്റ്റംസ് എന്നീ വകുപ്പുകളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും പരിസരവുമാണ് മാലിന്യം കുന്നു കൂടി ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലായത്. ടൂറിസം സീസണില്‍ ആഡംബര കപ്പലുകളില്‍ വിദേശ വിനോദ സഞ്ചാരികള്‍ വന്നിറങ്ങുന്നതും ഈ വാര്‍ഫിലാണ്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനാണ് ഇവിടെ ശുചീകരണത്തിന്റെ ചുമതല. എന്നാല്‍ വകുപ്പ് അധികൃതര്‍ ഗുരുതര അനാസ്ഥയാണ് വിഷയത്തില്‍ കാണിക്കുന്നത്. മൂക്കു പൊത്താതെ ആര്‍ക്കും ഈ പരിസരത്തേക്കു പോലും ചെല്ലാനാകാത്ത സ്ഥിതിയാണ്. പരാതികളുയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
മാലിദ്വീപിലേക്കുള്ള ചരക്ക് കയറ്റിറക്കാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. അടച്ചുറപ്പില്ലാതെ, യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാത്ത ഇവിടെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറാവുന്ന സ്ഥിതിയാണ്. വാര്‍ഫില്‍ എത്തുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ചരക്കുകള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി പരിശോധിക്കാന്‍ മതിയായ ജീവനക്കാരില്ല എന്ന പരാതിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതു പരിഹരിക്കാന്‍ ഇടപെടലുകളൊന്നുമുണ്ടായിട്ടില്ല.
പോര്‍ട്ട്, കസ്റ്റംസ് വകുപ്പുകള്‍ക്ക് ഓഫിസ് ഉണ്ടെങ്കിലും ഉദ്യോഗസ്ഥരാരും ഇങ്ങോട്ടേക്ക് വരാറില്ലത്രേ. കപ്പലുകളിലെത്തുന്നവര്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നിടത്ത് പേപ്പറുകള്‍ എത്തിച്ച് ആവശ്യമായ അനുമതികള്‍ നേടി എടുക്കുകയാണ് പതിവ്.
ഡിസംബറില്‍ സഞ്ചാരികളുമായി ആഡംബരകപ്പലെത്താനിരിക്കെ വെളിച്ചത്തിനുള്ള സംവിധാനമൊരുക്കിയും സുരക്ഷക്ക് മതിയായ ജീവനക്കാരെ നിയമിച്ചും വാര്‍ഫിന്റെയും പരിസരത്തിന്റെയും ശുചീകരണം നടത്തിയും ഇവിടത്തെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."