നവതി നിറവില്‍ ലീലാവതി; ആദരവുമായി 'ലീലാമൃതം'
കുന്നംകുളം: മാതൃവിദ്യാലയത്തിലെ നവതി ആഘോഷത്തിന്റെ നിറവില്‍ ലീലാവതി. നവതിയിലെത്തിയ പ്രശസ്ത എഴുത്തുകാരിയും സാഹിത്യ നിരൂപകയുമായ എം. ലീലാവതിക്ക് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്‍കി. അഞ്ചു മുതല്‍ പത്തുവരെ ലീലാവതി പഠനം നടത്തിയ കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് കേരള മീഡിയ അക്കാദമിയുടെയും തൃശൂര്‍ പ്രസ് ക്ലബിന്റെയും കുന്നംകുളം നഗരസഭയുടെയും നേതൃത്വത്തില്‍ ലീലാമൃതം എന്ന പേരില്‍ സ്വീകരണമൊരുക്കിയത്.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലീലാവതിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്ര പ്രദര്‍ശനവും ആകര്‍ഷണീയമായിരുന്നു. നിരവധി പേരാണു ചിത്ര പ്രദര്‍ശനം കാണാനായി എത്തിയിരുന്നത്. മാതൃവിദ്യാലയത്തിലേക്ക് ലീലാവതിക്ക് സ്വാഗതമോതി 90 കുട്ടികള്‍ ചേര്‍ന്ന് ആലപിച്ച ലീലാവതിയുടെ കവിത സദസ്സിനു വേറിട്ട അനുഭവമായി.
ഗാന രചയിതാവ് റഫീക്ക് അഹമ്മദ് ഗുരുവന്ദനം നടത്തി. തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എം. ലീലാവതി രചിച്ച നല്ലെഴുത്ത് എന്ന കൃതിയുടെ പ്രകാശനം നടന്നു. വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രൊഫസര്‍ കെ.പി ശങ്കരന്‍ പുസ്തകം സദസ്സിനു പരിചയപ്പെടുത്തി.
ലീലാവതിയെക്കുറിച്ചു പി.ആര്‍.ഡി നിര്‍മ്മിച്ച ഡോകുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പ്രഭാവര്‍മ്മ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായി.
സിനിമാതാരവും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍, സാഹിത്യ നിരൂപക ഹേമമാലിനി സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ റ്റി.വി. ചന്ദ്രമോഹന്‍, കെ.സി.രാജഗോപാല്‍, എം.ബാലാജി, സി.എഫ്.ബെന്നി, റ്റി.കെ.വാസു, സുമ ഗംഗാധരന്‍, പി.എം.സുരേഷ്, സ്‌കൂള്‍ എച് .എം. ബേബി ജയശ്രീ, സ്‌കൂ ള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."