പൊലിസിനായുള്ള ആദ്യ നിറയൊഴിക്കലില്‍ എലിസബത്ത് വീഴ്ത്തിയത് വെള്ളി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ലഭിച്ച നിയമന ഉത്തരവുമായി കേരള പൊലിസിനായി തോക്കേന്തിയ എലിസബത്ത് സൂസന് കോശിക്ക് വെള്ളിത്തിളക്കം. അഖിലേന്ത്യാ പൊലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തിലാണു എലിസബത്ത് സൂസന് കോശി വെള്ളി മെഡലിലേക്ക് നിറയൊഴിച്ചത്. വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചില്‍ ആരംഭിച്ച 10ാമത് അഖിലേന്ത്യാ പൊലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് കേരള പൊലിസിനായി എലിസബത്ത് ആദ്യ മെഡല്‍ വെടി വച്ചിട്ടത്. നാലു റൗണ്ടുകളിലായി 411.5 പോയിന്റ് നേടിയായിരുന്നു എലിസബത്തിന്റെ നേട്ടം. പഞ്ചാബിന്റെ അവ്നീത് സിദ്ദുവിനാണ് സ്വര്‍ണം. 412.7 പോയിന്റു നേടിയാണ് അവ്നീത് സ്വര്‍ണത്തിലേക്ക് നിറയൊഴിച്ചത്. ആദ്യ രണ്ടു റൗണ്ടുകളില്‍ 104.4, 103.1 പോയിന്റുകള്‍ നേടി മുന്നിട്ടു നിന്ന എലിസബത്തിന് മൂന്ന്, നാല് റൗണ്ടുകളില്‍ ഉന്നം പിഴച്ചു. 103.1, 100.9 പോയിന്റ് നേടാന്‍ മാത്രമാണ് കഴിഞ്ഞത്. ഇതോടെ ആദ്യ രണ്ടു റൗണ്ടുകളിലായി 104.0, 102.7 പോയിന്റും മൂന്ന് നാല് റൗണ്ടുകളില്‍ 104.2, 101.8 പോയിന്റുകളുടെ മേധാവിത്വം നേടിയായിരുന്നു അവ്നീതിന്റെ സ്വര്‍ണത്തിലേക്കുള്ള നിറയൊഴിക്കല്‍. 407.6 പോയിന്റു നേടിയ ബി.എസ്.എഫിലെ അമന്‍ദീപ് കൗറിനാണ് വെങ്കലം.
കേരള പൊലിസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കഴിഞ്ഞ ദിവസമാണ് എലിസബത്ത് സൂസന് കോശിക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. നിയമന ഉത്തരവിലെ അപാകതയെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ എലിസബത്തിന് കഴിയാതെ വന്നത് വിവാദത്തിന് ഇടയാക്കിയിരുന്നു.
വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തില്‍ 1201.7 പോയിന്റുമായി പഞ്ചാബ് സ്വര്‍ണം നേടിയപ്പോള്‍ 1201.2 പോയിന്റ് ലഭിച്ച ബി.എസ്.എഫിനാണ് വെള്ളി. 1194.6 പോയിന്റ് ലഭിച്ച സി.ആര്.പി.എഫ് വനിതകള്‍ക്കാണ് വെങ്കലം. പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ബി.എസ്.എഫിന്റെ വസീര്‍ സിങ് സ്വര്‍ണം നേടി. സി.ആര്.പി.എഫിലെ ഷൂട്ടര്മരായ ദുര്‍ഗ പ്രസാദ് വെള്ളിയും എല്‍.ബി ഗെയ്ക്വാദ് വെങ്കലവും നേടി. 25 മീറ്റര്‍ പിസ്റ്റള്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ സി.ആര്.പി.എഫ് സ്വര്‍ണം നേടി. ബി.എസ്.എഫ് ടീം വെള്ളിയും തമിഴ്നാട് വെങ്കലവും വെടിവച്ചിട്ടു. രാവിലെ നടന്ന ചടങ്ങില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ 25 നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."