ജനങ്ങളെ വട്ടംചുറ്റിക്കുന്ന ശൈലി ഉദ്യോഗസ്ഥര്‍ മാറ്റണം: മന്ത്രി
ആലപ്പുഴ : ജനങ്ങള്‍ക്ക് സ്ഥിരമായി റവന്യു ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തണം. സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഓഫിസുകള്‍. സര്‍ക്കാരിന്റെ മാറ്റം ജനങ്ങള്‍ അറിയുന്നത് അവര്‍ ദൈനംദിനം ഇടപെടുന്ന വില്ലേജ്, താലൂക്ക് ഓഫിസുകള്‍ മുഖേനയാണ്. ഓഫിസുകള്‍ ജനസൗഹൃദമാക്കണം.
നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നടപ്പാക്കാതിരുന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ആലപ്പുഴയില്‍ ആരംഭിച്ച ഭവനഭാരതം പദ്ധതിയുമായി രൂപീകരിച്ച സൊസൈറ്റിക്ക് പരിമിതികളുണ്ടെങ്കില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ലൈഫ് പോലുള്ള പദ്ധതികളില്‍ സഹകരിക്കാം.
സൊസൈറ്റിക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു. നിലം എന്നു രേഖകളില്‍ ഉള്ളതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നികത്തിയ ഭൂമിയില്‍ പോലും വീടുവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീടു വയ്ക്കാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിയുടെ റഗുലറൈസേഷനായി 3325 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഓണ്‍ലൈന്‍ പോക്കുവരവ് ഏര്‍പ്പെടുത്തുന്നതിന് 58 വില്ലേജുകളില്‍ നടപടി പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1311 ഹെക്ടര്‍ ഭൂമി ലാന്‍ഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 41.66 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റവന്യൂ റിക്കവറിയിലൂടെ 29.24 കോടി രൂപയും ലാന്‍ഡ് റിക്കവറിയിലൂടെ 5.34 കോടിയും ശേഖരിച്ചു. സ്ഥലമേറ്റെടുപ്പിന് റെയില്‍വേ യഥാസമയം പണം നല്‍കാത്തതിനാല്‍ റവന്യൂ വകുപ്പിന്റെ ഭൂമിയടക്കം ജപ്തി ചെയ്യുന്ന സാഹചര്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു.
സര്‍വേ സംബന്ധിച്ച് 6191 ആക്ഷേപങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ സര്‍വേ ഓഫിസര്‍ പറഞ്ഞു. റീസര്‍വേയ്ക്ക് 19 പേരെയും സര്‍വേയ്ക്കായി 28 പേരെയും നിയോഗിച്ചിട്ടുണ്ട്.
റവന്യു കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ വിവരങ്ങളും കേസിന്റെ സ്ഥിതിയും ലഭ്യമാക്കുന്നതിന് അഡ്വക്കേറ്റ് ജനറലിന് കത്തു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കലക്ടര്‍ വീണ എന്‍. മാധവന്‍, എ.ഡി.എം കെ.എ കബീര്‍, ആര്‍.ഡി.ഒ.മാര്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."