സംസ്ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി ബറ്റാലിയന് നെടുങ്കണ്ടത്ത് തുടക്കം
നെടുങ്കണ്ടം: എന്‍.സി.സിയുടെ ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ ഏറ്റവും വലുതുമായ 33 കേരള ബറ്റാലിയന്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 3400 കേഡറ്റുകളെ പരിശീലിപ്പിക്കുവാന്‍ കരസേനയുടെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരുമായി മുപ്പതോളം അംഗങ്ങള്‍ നെടുങ്കണ്ടം ബറ്റാലിയനിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 22 ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതോടെ ബറ്റാലിയന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും.
കേണല്‍ വൃന്ദാവന്‍ ലാലിന്റെയും ലെഫ്. കേണല്‍ സുനില്‍ കുമാറിന്റെയും നേതൃത്വത്തിലാണ് നെടുങ്കണ്ടം ബറ്റാലിയന്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. രണ്ട് കോടി 29 ലക്ഷം രൂപയും കേന്ദ്രം ഈ ബറ്റാലിയനുവേണ്ടി നീക്കി വച്ചിട്ടുണ്ട്. പരിശീലന ഉപകരണങ്ങള്‍, സ്റ്റോര്‍ ഉപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവ കേന്ദ്രം പ്രത്യേകം അനുവദിക്കും. പുതിയ എന്‍.സി.സി ഓഫീസിലേയ്ക്കാവശ്യമായ കംപ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് അഞ്ച് ഏക്കര്‍ സ്ഥലത്ത് പ്രത്യേക പരിശീലനത്തിനായി എന്‍.സി.സി അക്കാദമിയും സ്ഥാപിക്കും.
അടുത്ത അധ്യായന വര്‍ഷത്തോടെ നിലവില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ നെടുങ്കണ്ടം ബറ്റാലിയനു കീഴിലാക്കും.
ഇതോടൊപ്പം അപേക്ഷ നല്‍കി യൂണിറ്റ് ആരംഭിക്കുന്നതിനായി കാത്തിരിക്കുന്ന സ്‌കൂള്‍ - കോളജുകള്‍ക്ക് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അനുമതിയും നല്‍കും. നെടുങ്കണ്ടത്ത് എന്‍.സി.സി ബറ്റാലിയന്‍ ആരംഭിക്കുന്നതിന് 2010 മുതലുള്ള ജനകീയ ശ്രമങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. കിഴക്കേക്കവലയില്‍ നടന്ന സമ്മേളനത്തില്‍ ബറ്റാലിയന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
യോഗത്തില്‍ നിയുക്ത മന്ത്രി എം.എം മണി അധ്യക്ഷനായി. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണവും എന്‍.സി.സി ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ആര്‍.എസ്. മാല്‍വേ ആമുഖ പ്രഭാഷണവും നടത്തി.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എന്‍. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.സി.സി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."