ഫൈസലിന്റെ കുടുംബത്തിന് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പെന്‍ഷന്‍ നല്‍കും
മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍(32) കൊല്ലപ്പെട്ട സംഭവത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. മതം മാറി എന്നതിന്റെ പേരില്‍ പ്രവാസിയായ ഒരു യുവാവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ സംഭവം മത വിശ്വാസികളേയും പ്രവാസികളേയും ഒരുപോലെ ഞെട്ടിക്കുന്നതാണെന്നും പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തെ ചോദ്യം ചെയ്യാനും അസഹിഷ്ണുത വിതയ്ക്കാനും കേരളത്തില്‍ പോലും ഫാസിസ്റ്റുകള്‍ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. പ്രധാനമായും മലപ്പുറം ജില്ലയെ ലക്ഷ്യം വച്ച് അടുത്തിടെയായി നടക്കുന്ന ഫാസിസ്റ്റു കടന്നുകയറ്റത്തിനെതിരേ ജില്ലയിലെ എല്ലാ മത വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ കമ്മറ്റിയുടെ പ്രവാസി പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെന്‍ഷന്‍ നല്‍കാനും യോഗം തീരുമാനിച്ചു. നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 15 പേര്‍ക്കാണ് ബഹ്‌റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസി വിധവാ പെണ്‍ഷന്‍ വിതരണം ചെയ്തു വരുന്നത്. കൂടാതെ ഈ കുടുംബത്തിന് ബൈത്തുറഹ്മ അടക്കമുള്ള വിവിധ പദ്ധതികള്‍ ഇതര കെ.എം.സി.സി, മുസ്‌ലിംലീഗ് കമ്മിറ്റികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
മനാമയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ വളാഞ്ചേരി, ഇഖ്ബാല്‍ താനൂര്‍, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂര്‍, ശാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, ശംസുദ്ധീന്‍ വെന്നിയൂര്‍, മൗസല്‍ മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു. ആക്ടിങ്ങ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ സ്വാഗതവും ജോ. സെക്രട്ടറി ആബിദ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."