കല്ലൂരിലെ കൊമ്പന്‍ കൂട്ടിലായി
സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ കര്‍ഷകനെ ആക്രമിക്കുകയും പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശം വരുത്തുകയും ചെയ്ത കാട്ടുകൊമ്പനെ മയക്കുവെടി വച്ചു തളച്ചു.
ഇന്നലെ പുലര്‍ച്ചെ കല്ലൂര്‍ 67ന് സമീപം വനത്തില്‍വച്ചാണ് ആനയെ മയക്കുവെടി വച്ചത്. തുടര്‍ന്ന് പരിശീലനം നേടിയ കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയില്‍ പ്രത്യേകം തയാറാക്കിയ ആനപ്പന്തിയില്‍ എത്തിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കല്ലൂര്‍ 67ലെ വനമേഖലയിലാണ് ആനയെ കണ്ടെത്തുകയും 6.45ഓടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ മയക്കുവെടി വക്കുകയും ചെയ്തു. വെടിയേറ്റ ആന അരമണിക്കൂറിന് ശേഷമാണ് മയങ്ങിയത്. തുടര്‍ന്ന് മുത്തങ്ങ ആനപന്തിയിലെ കുഞ്ച, പ്രമുഖ എന്നീ കുങ്കിയാനകളുടെയും തമിഴ്‌നാട്ടിലെ മുതുമല വന്യജീവിസങ്കേത്തില്‍ നിന്നും എത്തിച്ച മുതുമലൈ, വിജയ്് എന്നീ കുങ്കിയാനകളുടെയും സഹായത്തോടെ വനം വകുപ്പിന്റെ മൃഗാംബുലന്‍സില്‍ ഒരുക്കിയ കൂട്ടില്‍ കയറ്റിയാണ് ഒന്‍പതരയോടെ മുത്തങ്ങയിലെ ആനപ്പന്തിക്ക് മുന്നില്‍ എത്തിച്ചത്.
തുടര്‍ന്ന് ഇരുകാലുകളിലും വടം കെട്ടി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ നിന്നിറക്കി ആനപ്പന്തിയില്‍ കയറ്റുകയായിരുന്നു.
ഒരു മാസം ആനയെ ഈ പന്തിയില്‍ തന്നെ നിരീക്ഷിക്കും. തുടര്‍ന്നുള്ള നടപടികളെ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് വയനാട് വൈല്‍ഡ്്‌ലൈഫ് വാര്‍ഡന്‍ പി.ധനേഷ്‌കുമാര്‍ പറഞ്ഞു.
മാസങ്ങളായി പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തിയ കൊമ്പന്‍ കൂട്ടിലായതോടെ പ്രദേശവാസികള്‍ ആശ്വാസമായി. ഈമാസം 15ന് പ്രദേശവാസിയായ കര്‍ഷകനെ കാട്ടുകൊമ്പന്‍ ആക്രമിച്ചിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി ദേശീയപാത ഉപരോധിക്കുകയും ആനയെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആനയെ മയക്ക് വെടിവെക്കാന്‍ വനം വകുപ്പ് മന്ത്രി ഉത്തരവിട്ടത്. ദൗത്യത്തിന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, വൈല്‍ഡ് ലൈഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍സക്കറിയ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കെ.ആര്‍ കൃഷ്ണദാസ്, ഹീരാലാല്‍, അജയ്‌ഘോഷ്്, സി.കെ ആസിഫ്, ആര്‍.ആര്‍.ടി റെയ്ഞ്ചര്‍ വിനോദ്് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."