വടക്കാഞ്ചേരി പീഡനം: കൗണ്‍സില്‍ യോഗത്തിനെത്തിയ ജയന്തനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു
വടക്കാഞ്ചേരി: പീഡനക്കേസില്‍ ആരോപണ വിധേയനായ സി.പി.എം നഗരസഭാ കൗണ്‍സിലര്‍മാരെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. യോഗം നടക്കുന്ന കോണ്‍ഫറന്‍സ് ഹാളിന്റെ വാതില്‍ പൂട്ടി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഹാളിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പി.എന്‍ ജയന്തന്റെ ഫോട്ടോ അടക്കമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചായിരുന്നു പ്രതിഷേധം. ജയന്തനടക്കമുള്ള ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തിന് എത്തിയപ്പോള്‍ ഹാളിനകത്തേയ്ക്ക് പ്രവേശിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഇതോടെ ഭരണപക്ഷം പൊലിസ് സഹായം ആവശ്യപ്പെടുകയായിരുന്നു. സി.ഐ ടി.എസ് സിനോജ്, എസ്.ഐ ടി.ഡി. ജോസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ബലം പ്രയോഗിച്ച് നീക്കി വാതിലിന്റെ പൂട്ട് തകര്‍ത്താണ് ഇടത് കൗണ്‍സിലര്‍മാരെ കോണ്‍ഫറന്‍സ് ഹാളിലേക്ക് കടത്തി വിട്ടത്.
പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയില്‍ മിണാലൂര്‍ കൗണ്‍സിലര്‍ പി.എന്‍ ജയന്തനടക്കമുള്ള ഇടത് കൗണ്‍സിലര്‍മാര്‍ യോഗം ചേരുകയും അജന്‍ഡകള്‍ പാസാക്കുകയും ചെയ്തു. ഏക ബി.ജെ.പി അംഗം ചന്ദ്രമോഹന്‍ യോഗ ഹാളിലേക്ക് വായ് മൂടിക്കെട്ടിയെത്തി പ്രതിഷേധിക്കുകയും യോഗ നടപടികള്‍ ആരംഭിച്ചതോടെ ഇറങ്ങി പോവുകയും ചെയ്തു. ആരോപണ വിധേയരായ കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ച് തുടര്‍ന്നും യോഗം നടത്താനാണ് തീരുമാനമെങ്കില്‍ ശക്തമായി നേരിടുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ അജിത്്കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."