ജനങ്ങളെ അഭിപ്രായം സഭയില്‍ കേള്‍ക്കാന്‍ തയ്യാറല്ല, ആപ്പിലൂടെ മതിയെന്നോ? ഓണ്‍ലൈന്‍ ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു
തന്റെ നോട്ട് നിരോധനത്തെ രാജ്യവും ജനങ്ങളും സ്വീകരിച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. അതു പറയാന്‍ രാജ്യസഭയിലെത്താന്‍ പോലും പേടിക്കുന്ന മോദി തെരഞ്ഞെടുക്കുന്ന വഴികളെല്ലാം കുരുട്ടു ബുദ്ധിയുടേതാണ്. നരേന്ദ്ര മോദി ആപ്പിലൂടെ അഭിപ്രായം അറിയിക്കാമെന്നറിയിച്ച് കഴിഞ്ഞദിവസമാണ് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തത്. സ്വാഭാവികമായും എന്തിനും തയ്യാറായി നില്‍ക്കുന്ന അണികള്‍ ആപ്പില്‍ കേറി വോട്ടിടും. എല്ലാ അനുകൂലവുമായിരിക്കും.
മോദി ഇപ്പോള്‍ അതിന്റെ ഫലം പുറത്തുവിട്ടിരിക്കുകയാണ്. വളരെ അഭിമാനപുളരിതനായി 93 ശതമാനം പേര്‍ തന്റെ നോട്ട് നിരോധനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പട്ടികയിലൂടെ പറയുന്നത്. എന്നാല്‍ വോട്ട് ചെയ്തവരുടെ എണ്ണം നോക്കുമ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലാവുക. 130 കോടിയോളമുള്ള ഇന്ത്യാ മഹാരാജ്യത്തെ വെറും അഞ്ചു ലക്ഷം പേര്‍ മാത്രമാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അഭിപ്രായം രേഖപ്പെടുത്തിയത്.
എന്നാല്‍ അതിനേക്കാള്‍ വിചിത്രമാണ് ചോദ്യത്തിന്റെ ശൈലിയും ഉത്തരം നല്‍കാനുള്ള ഓപ്ഷനും. ഓരോ ചോദ്യത്തിനു താഴെയും 'എല്ലാം അനുകൂലിക്കുന്നു', 'ഭാഗികമായി അനുകൂലിക്കുന്നു', 'പറയാന്‍ പറ്റില്ല' എന്നീ മൂന്ന് ഓപ്ഷനുകള്‍ മാത്രമാണുള്ളത്. അനുകൂലിക്കുന്നില്ലെന്ന് പറയേണ്ടവര്‍ക്ക് ധൈര്യശാലിയായ, ശക്തനായ മോദി അവസരം നല്‍കുന്നില്ലെന്ന് തന്നെ. അതായത് തന്റെ നയങ്ങളെ പ്രതികൂലിക്കുന്നവര്‍ക്ക് ഇവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമൊന്നുമില്ല, പറയാന്‍ പറ്റില്ലെന്നു പറഞ്ഞ് മിണ്ടാതിരുന്നാല്‍ മതിയെന്ന്.
ഏതാണ്ട് ഈ സര്‍വ്വേയുടെ ഉഡായിപ്പ് മനസ്സിലായില്ലേ. കള്ളപ്പണത്തിനെതിരായുള്ള സര്‍ക്കാരിന്റെ നീക്കം പ്രയോജനകരമാണെന്നാണ് 90 ശതമാനം പേരും പറഞ്ഞതെന്ന് ഗ്രാഫിക്‌സ് പറയുന്നു. അഴിമതിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തിന് (എന്താണാവോ ആ പോരാട്ടം) 92 ശതമാനം പേരുടെ പിന്തുണയുമുണ്ടെത്രേ. നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെ പ്രതികൂലിച്ച് വെറും രണ്ടു ശതമാനം പേര്‍ മാത്രം!. ഹാ... അഞ്ചു ലക്ഷം പേരെ കിഴിച്ച് ബാക്കി ക്യൂവിലുള്ളവര്‍ക്ക് വോട്ടിടാന്‍ അവസരം നല്‍കിയാല്‍ അറിയാം കഥ. അഴിമതിക്കും തീവ്രവാദത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നോട്ട് നിരോധനം ഏറെ ഗുണം ചെയ്യുമെന്നറിയിച്ചത് 86 ശതമാനം പേരാണ്. പിന്നേ, അനുകൂലിക്കുന്നവര്‍ പകുതി അനുകൂലിച്ച് പോവില്ലല്ലോ.
അഴിമതിയും കള്ളപ്പണവും എന്ന ഭൂതത്തെ കണ്ടെത്തി ഇല്ലാതാക്കേണ്ടത് ആവശ്യമാണെന്ന് 99 ശതമാനം പേരും ചിന്തിക്കുണ്ടെത്രേ. എന്നാല്‍ പിന്നെ അതിനെ എതിര്‍ക്കുന്ന ഒരു ശതമാനം ആരാണ്. അവരെ പിടിച്ചു ശിക്ഷിക്കേണ്ടതല്ലേ. 98 ശതമാനം പേരും രാജ്യത്ത് കള്ളപ്പണമുണ്ടെന്ന് പറയുന്നുണ്ടെന്നും ഫലത്തില്‍ പറയുന്നു. അപ്പോള്‍ എല്ലാവരും ഇതിനെ എതിര്‍ത്തിരുന്നെങ്കില്‍ രാജ്യത്ത് കള്ളപ്പണമില്ലെന്ന് മോദി വിലയിരുത്തുമായിരുന്നോ. അങ്ങനെ മൊത്തത്തില്‍ അബദ്ധജഡിലമായ ഒരു ഗ്രാഫിക്‌സ് തട്ടിക്കൂട്ട് മാത്രമാണിതെന്നാണ് ഈ ആപ്പ് ജനാധിപത്യവും തെളിയിച്ചിരിക്കുന്നത്.
നോട്ട് പിന്‍വലിച്ചതായി പ്രഖ്യാപിക്കുക, ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ തന്റെ ത്യാഗത്തെപ്പറ്റി തേങ്ങുക, ഇപ്പോള്‍ ദേ, അഭിപ്രായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധീകരിക്കുക (ഇതൊക്കെ ക്ലാര്‍ക്ക് പദവിയിലുള്ളവര്‍ ചെയ്യേണ്ടതല്ലേ), ഇങ്ങനെയൊക്കെ ചെയ്യാന്‍ തയ്യാറാണെങ്കിലും കേരളത്തിലെ പ്രധാനപ്രശ്‌നമായ സഹകരണ പ്രതിസന്ധി അറിയിക്കാന്‍ ഇവിടെ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും പോകുന്നുവെന്നറിഞ്ഞപ്പോള്‍ അതിനൊന്നും സമയമില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അതിനെ, നമ്മളൊക്കെ നാടന്‍ ഭാഷയില്‍ ആണുങ്ങളെ നേരിടാനുള്ള ധൈര്യമില്ലായ്മയെന്നല്ലേ പറയുക.
[caption id="attachment_174515" align="aligncenter" width="607"] മോദിയുടെ അഭിപ്രായ സർവ്വേ ഫലം, വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്[/caption]
എന്നാല്‍ ഓണ്‍ലൈനിലെങ്കിലും ശരിക്ക് ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ മോദിക്കായോ എന്നത് മറ്റൊരു ചോദ്യമാണ്. ചോദ്യങ്ങളെല്ലാം കണ്ടാല്‍ തന്നെ അനുകൂലിച്ചു പോകുമാവാറാണ് നല്‍കിയിരിക്കുന്നത്. കള്ളപ്പണം ഒഴിവാക്കേണ്ടതല്ലേ, അവരെ കണ്ടെത്തേണ്ടല്ലേ, ഇവിടെ കള്ളപ്പണമുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഇതൊക്കെത്തന്നെ പറഞ്ഞല്ലേ അന്ന് ജയിച്ചുകേറിയത്. പിന്നെ വീണ്ടും വീണ്ടും ചോദിക്കാനെന്തിരിക്കുന്നു. എവിടെയാണെന്നു വച്ചാല്‍ അത് കണ്ടെത്തി കൊണ്ടുവന്നാല്‍ മാത്രം മതി. അതിന്റെ പേരില്‍ ഓണ്‍ലൈന്‍ കാമ്പയിനൊന്നും ആവശ്യം വരില്ല. ഞങ്ങളോരോരുത്തരും അനുകൂലിച്ച് പോസ്റ്റിട്ടോളം. നോട്ട് പിന്‍വലിച്ച് ഇത്രയും ദിവസമായിട്ട് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായോ, നിങ്ങളുടെ സാധാരണ ജീവിതത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നിങ്ങനെയുള്ള കുശലം ചോദിക്കലെങ്കിലും ആവാമായിരുന്നു.
അതുപോലെയാണ് സഭയിലേയും അവസ്ഥ. ജനങ്ങളുടെ അഭിപ്രായം നേരിട്ടറിയാന്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ പ്രകാരം ജനപ്രതിനിധികളെ കണ്ടാല്‍ മതിയെങ്കിലും അതിനൊന്നും നില്‍ക്കാതെ ആപ്പും ട്വീറ്റുമായി സംവദിക്കുന്ന ഓണ്‍ലൈന്‍ പ്രധാനമന്ത്രിയാവാന്‍ വേണ്ടി മാത്രം ശ്രമിക്കുകയാണ് മോദി. സഭയില്‍ ജനപ്രതിനിധികള്‍ മോദിയെ ഒച്ചയിട്ടു വിളിച്ച് ബഹളംവച്ച് പിരിയുന്നതൊന്നും കാണാഞ്ഞിട്ടല്ല, അതിനെയും നേരിടാനുള്ള മന:ക്കരുത്തൊന്നും പണ്ട് പറഞ്ഞ നെഞ്ചളവിനുണ്ടാവില്ല. ഒച്ചപ്പാട് ഭരണമൊന്നും വേണ്ട, തനിക്കെതിരെ അഭിപ്രായം പറയുന്നവരെ, ഒരു ദേഷ്യചിഹ്നം അടിക്കുന്നവരെ അണ്‍ഫ്രണ്ട് ചെയ്യുന്ന ഓണ്‍ലൈന്‍ രീതിയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, ഫെഡറല്‍ രാജ്യത്തെ ഭരണാധികാരി നടത്തുന്നതെന്ന് പലരും തിരിച്ചറിയാത്തതിന്റെ ഫലം കൂടിയാണിതൊക്കെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."