നോട്ട് നിരോധനം: കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയില്‍ വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തില്‍ മൂന്നാം തവണയും കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയില്‍ നിന്നു തിരിച്ചടി. നോട്ട് നിരോധനം ചോദ്യംചെയ്ത് വിവിധ ഹൈക്കോടതികള്‍ക്കു മുമ്പാകെയുള്ള ഹരജികളെല്ലാം സ്റ്റേചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തള്ളി.
വിവിധ കോടതികളിലായി സമര്‍പ്പിക്കപ്പെട്ട കേസുകളിലെല്ലാം വ്യത്യസ്ത അസൗകര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ദുരിതത്തിലായ ജനങ്ങള്‍ക്കു മുമ്പില്‍ വാതില്‍കൊട്ടിയടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നിരസിച്ചത്.
വിവിധ കോടതികളില്‍ ഹരജിയെത്തിയത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ രോഹ്തഗി അറിയിച്ചു. എന്നാല്‍ അതു ബുദ്ധിമുട്ടാണെന്നും അടിയന്തരമായി ആശ്വാസം ഉണ്ടാവുന്ന തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണു പലരും ഹരജികള്‍ നല്‍കിയതെന്നും അത്തരക്കാരുടെ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. അതേസമയം, ഹൈക്കോടതികളിലെ കേസുകളെല്ലാം സുപ്രിംകോടതിയിലെ ഒരൊറ്റ ബെഞ്ചിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസില്‍ അടുത്തമാസം രണ്ടിനു വീണ്ടും വാദംകേള്‍ക്കും. അന്ന് ഇക്കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
നിലവില്‍ നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമായും രണ്ടുകേസുകളാണ് സുപ്രിംകോടതിയിലുള്ളത്. ഒന്ന്, ആ തീരുമാനത്തിലെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന പൊതുതാല്‍പ്പര്യഹരജിയും മറ്റൊന്ന്, വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹരജിയും.
കേരളം, ഗുജറാത്ത്, പശ്ചിമബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ ഹൈക്കോടതികളിലായി നോട്ട് നിരോധനം ചോദ്യംചെയ്യുന്ന 15 ഓളം ഹരജികളാണു ഉള്ളത്. ഹൈക്കോടതികളിലെ കേസുകള്‍ സ്‌റ്റേചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ അടിയന്തരവാദംകേള്‍ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടതോടെയാണ് കേസ് ഇന്നലെ പരിഗണിച്ചതും സര്‍ക്കാരിന്റെ ആവശ്യം തള്ളിയതും. കേസിലെ കക്ഷിയായ വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനും ഇക്കാര്യത്തില്‍ നാളെക്കു മുമ്പായി നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സഹകരണമേഖലയിലെ പുതിയ നിയമങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്കു അതതു ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. നോട്ട് നിരോധിക്കാനുള്ള തീരുമാനത്തിലെ നിയമപ്രശ്‌നം ചോദ്യംചെയ്യുന്ന ഹരജി നാളെ പരിഗണിക്കും.
ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍, നോട്ട് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ഒഴുകുന്നത് തടയുന്നതിന്റെയും ഭാഗമാണെന്ന് എ.ജി കോടതിയെ അറിയിച്ചു. എന്നിട്ട് ഇതു വിജയിച്ചോ എന്നു ചീഫ്ജസ്റ്റിസ് ചോദിച്ചു.
അതേയെന്ന് എ.ജി മറുപടി നല്‍കി. ആറുലക്ഷം കോടി രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. ബാങ്കുകളില്‍ പണം നിറഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനം വിജയിച്ചതിനു തെളിവാണ് ഇത്രയും രൂപ ബാങ്കുകളില്‍ എത്തിയത്. നിക്ഷേപം കൂടിയതിനാല്‍ പലിശ നിരക്കുകള്‍ കുറയും.
ഇതിന്റെ നേട്ടം സാധാരണക്കാര്‍ക്കു ലഭിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണത്തിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായി. ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പഠിക്കാനായി ഓരോ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അവര്‍ അതതു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിച്ചു ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും എ.ജി കോടതിയെ അറിയിച്ചു.
നേരത്തെ നോട്ട് നിരോധനം സംബന്ധിച്ചു രണ്ടുതവണ സുപ്രിംകോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
കേസ് വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍, ബാങ്കുകള്‍ക്ക് പുറത്തു ജനങ്ങള്‍ വരിനിന്നു കഷ്ടപ്പെടുന്നതു നിങ്ങള്‍ കാണുന്നില്ലേയെന്നു ചോദിച്ച കോടതി, തെരുവില്‍ ജനങ്ങള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനം സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് അല്ലെന്നും അതു സാധാരണക്കാര്‍ക്കെതിരായ കാര്‍പ്പറ്റ് ബോംബിങ്ങാണെന്നും കോടതി മറ്റൊരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."