ഉയ്ഗൂര്‍ മേഖലയില്‍ മതചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് ചൈന
ബെയ്ജിങ്: ചൈനയില്‍ ഉയ്ഗൂര്‍ മുസ്്‌ലിംകള്‍ ഏറെയുള്ള സിന്‍ജിയാങ് പ്രവിശ്യയിലെ എല്ലാ മതപരമായ ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഉയ്ഗൂര്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. ഉയ്ഗൂര്‍ മുസ്്‌ലിംകളെ ചൈന വിഘടനവാദികളായാണ് കാണുന്നത്. സിന്‍ജിയാങ് പ്രവിശ്യയെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്തി കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മതപരമായ ചടങ്ങുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന ശാസന, താമസക്കാരുടെ സൗകര്യത്തിനും സഹായത്തിനും വേണ്ടിയാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് നിയന്ത്രണം സംബന്ധിച്ച ഉത്തരവിനെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഐക്യരാഷ്ട്ര സഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചൈനീസ് സര്‍ക്കാര്‍ നടപടിയെന്നാണ് ഉയിഗൂര്‍ പ്രക്ഷോഭകരുടെ പ്രതികരണം.
തുര്‍ക്കിഷ് വംശജരായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശത്ത് ആക്രമണങ്ങളും മറ്റും നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനത്തെ തുടര്‍ന്നാണെന്ന് ചൈന ആരോപിക്കുന്നു. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ ചൈനീസ് വംശജരായ ഹാന്‍ വിഭാഗക്കാരും ഉയിഗൂര്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.
വിവാഹമോ, മരണാനന്തര ചടങ്ങോ മറ്റ് മതാചാരങ്ങളോ എന്ത് നടന്നാലും അധികൃതരെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ സിന്‍ജിയാങ് മേഖലയിലെ മുസ്‌ലിം പള്ളികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ബെയ്ജിങ് 350 ഉദ്യോഗസ്ഥരെ നിയമിച്ചതായി റേഡിയോ ഫ്രീ ഏഷ്യ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."