രാജസ്ഥാന്‍-ഡല്‍ഹി രഞ്ജി പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
കൃഷ്ണഗിരി(വയനാട്): കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ഗ്രൂപ്പ് ബി മത്സരത്തിലെ രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രാജസ്ഥാന്റെ രണ്ടാമിന്നിങ്‌സ് 221 റണ്‍സില്‍ അവസാനിപ്പിച്ച് 153 വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 51നു മൂന്ന് എന്ന നിലയില്‍. രാവിലെ പിച്ചില്‍ നിന്നു ലഭിക്കുന്ന ഈര്‍പ്പം മുതലെടുത്ത് രാജസ്ഥാന്‍ ബൗളര്‍മാര്‍ അറിഞ്ഞെറിഞ്ഞാല്‍ വിജയം ആര്‍ക്കെന്നത് പ്രവചനാതീതമാകും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആദ്യ സെഷനില്‍ ഇരു ടീമുകള്‍ക്കും മൂന്നിലധികം വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതുകൊണ്ടുതന്നെ രാവിലത്തെ പിച്ചിന്റെ ഈര്‍പ്പത്തെ മുതലെടുക്കുകയായിരിക്കും രാജസ്ഥാന്റെ ശ്രമം. അവസാന ദിനം വിജയിക്കാന്‍ ഡല്‍ഹിക്ക് 102 റണ്‍കൂടി വേണം.
ഗൗതം ഗംഭീര്‍ (ണ്ട്), ഉന്മുക്ത് ചന്ദ് (അഞ്ച്) എന്നിവരും മിന്നും ഫോമിലുള്ള ഋഷഭ് പന്തും പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. 35 റണ്‍സുമായി ശിഖര്‍ ധവാന്‍ ക്രീസിലുണ്ടെന്നതാണ് ഡല്‍ഹിക്ക് ആശ്വാസം പകരുന്നത്. അഞ്ചു റണ്‍സുമായി രാത്രി കാവല്‍ക്കാന്‍ വികാസ് ടോകസും ക്രീസിലുണ്ട്. രാജാസ്ഥാനുവേണ്ടി പങ്കജ് സിങും ചൗധരിയും ഒരോ വിക്കറ്റ് നേടിയപ്പോള്‍ ഋഷഭ് റണ്ണൗട്ടാവുകയായിരുന്നു.
ഒന്നിനു 19 എന്ന സ്‌കോറില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് ലഞ്ചിന് മുന്‍പു തന്നെ നാലു വിക്കറ്റുകള്‍ നഷ്ടമായി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ രാജസ്ഥാനെ രാജേഷ് ബിഷ്‌ണോയി(89)യുടെ അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. മൂന്നാം ദിനം കളി തുടര്‍ന്ന രാജസ്ഥാനു ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അമിത് ഗൗതമിന്റെ (34) വിക്കറ്റാണ് തുടക്കത്തില്‍ നഷ്ടമായത്. ഏഴു റണ്‍ കൂട്ടിചേര്‍ക്കുന്നതിനിടെ തന്‍വീര്‍ ഉല്‍ ഹഖും പുറത്തായി. തുടര്‍ന്നെത്തിയ പുനീത് യാദവും മഹിപാല്‍ ലൊമോറും ലഞ്ചിനു മുന്‍പുതന്നെ മടങ്ങിയതോടെ രാജാസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ രാജേഷ് ബിഷ്‌ണോയി ഒറ്റയാനായി ഡല്‍ഹി ബൗളിങിനെ കടന്നാക്രമിച്ചും പ്രതിരോധിച്ചും രാജസ്ഥാനെ മുന്നോട്ടു നയിച്ചു. 69 പന്തുകളില്‍ അര്‍ധ ശതകം കണ്ടെത്തിയ ബിഷ്‌ണോയി രാജസ്ഥാന്‍ സ്‌കോര്‍ 218ല്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്.
162 പന്തില്‍ നിന്നു നാല് സിക്‌സും എട്ടു ബൗണ്ടറിയും നേടിയ ബിഷ്‌ണോയി 89 റണ്‍സുമായി മടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ചേതന്‍ ബിസ്ത് (25) മാത്രമാണ് ബിഷ്‌ണോയിക്ക് പിന്തുണ നല്‍കിയത്. രാജസ്ഥാന്‍ നിരയില്‍ ഏഴു പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഡല്‍ഹിക്കായി പ്രദീപ് സങ്‌വാനും സ്പിന്നര്‍ മനന്‍ ശര്‍മയും മൂന്നു വിക്കറ്റ് വീതവും മിലിന്ദ് രണ്ടും നവദീപ് സൈനിയും വികാസ് ടോകസും ഓരോ വിക്കറ്റുകളും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."