ചാനിയംകടവ് റോഡിന്റെ ശോചനീയാവസ്ഥ: എരവട്ടൂര്‍ നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായില്ല
പേരാമ്പ്ര: തകര്‍ന്ന പേരാമ്പ്ര ചാനിയംകടവ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാവാത്തതിനാല്‍ എരവട്ടൂര്‍ നിവാസികളുടെ യാത്രാദുരിതത്തിന് ഇനിയും നടപടികളായില്ല. പ്രസ്തുത റോഡിന്റെ പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗം മുതല്‍ തിരുവള്ളൂര്‍ വരെ തകര്‍ന്ന അവസ്ഥയിലാണ്. ഇതില്‍ ഹൈസ്‌കൂള്‍ ഭാഗത്ത് തുടങ്ങുന്ന റോഡിന്റെ എരവട്ടൂര്‍ ജങ്ഷന്‍, പള്ളിമുക്ക്, കനാല്‍ മുക്ക് പ്രദേശങ്ങളും പന്നി മുക്ക് ഭാഗത്തും റോഡ് തീര്‍ത്തും തകര്‍ന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയാണ്.
ഇക്കഴിഞ്ഞ മഴക്കാലത്ത് റോഡില്‍ വെള്ളം കയറി വലിയ ഗര്‍ത്തങ്ങളും കുണ്ടും കുഴിയും രൂപപ്പെട്ടിരുന്നു. നാട്ടുകാര്‍ സംഘടിച്ചും പഞ്ചായത്ത് മേല്‍നോട്ടത്തിലും ക്വാറി വെയ്സ്റ്റും കുട്ടക്കല്ലുകളും നിറച്ചതോടെയാണ് അല്‍പ്പം ആശ്വാസം ലഭിച്ചത്. ദിനംപ്രതി ആവള, ജനകീയ മുക്ക് ഉള്‍പ്പെടെ വടകരയിലേക്കും തിരിച്ചും പേരാമ്പ്രയില്‍ നിന്ന് അന്‍പതോളം ബസ് സര്‍വിസ് നടത്തുന്നുണ്ട്. ചെറുവണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്ന ഒട്ടേറെ ജീപ്പുകളും ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍, ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നിരവധി യു.പിസ്‌കൂളുകള്‍, പേരാമ്പ്രയിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് തകര്‍ന്ന റോഡിനാല്‍ ഏറെ യാത്രപ്രയാസമാണ് സൃഷ്ടിടിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് ഹൈസ്‌കൂള്‍ ഭാഗത്ത് നിന്ന് തുടങ്ങുന്ന ഭാഗം മുതല്‍ ഉയര്‍ത്തി നവീകരിച്ചെങ്കില്‍ മാത്രമേ എരവട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ടും കണ്ടും കുഴിയും ഒഴിവാകുകയുള്ളു.
പേരാമ്പ്രയുടെ ജനപ്രതിനിധിയായ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇക്കഴിഞ്ഞ ബജറ്റില്‍ പതിനഞ്ച് ലക്ഷം രൂപ പേരാമ്പ്ര ചാനിയംകടവ് റോഡ് നവീകരണത്തിന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അരക്കോടി രൂപയിലേറെ തുക ചെലവ് വരുന്ന പ്രവൃത്തിയാണിതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."