കാഴ്ചയുടെ വൈവിധ്യങ്ങളുമായി ഫാം ഷോ
ചെറുവത്തൂര്‍: തണല്‍ വിരിച്ചു നില്‍ക്കുന്ന മാന്തോപ്പിലൂടെ നടന്നാല്‍ കണ്ടിട്ടില്ലാത്തതും രുചിച്ചിട്ടില്ലാത്തതുമായ 40 തരം വാഴപ്പഴങ്ങള്‍ കാണാം. അവയെ കുറിച്ചു കൂടുതലറിയാം. പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്ന കൃഷിയിട പ്രദര്‍ശനത്തിലാണു വ്യത്യസ്തതരം വാഴക്കുലകള്‍ കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്നത്. വര്‍ഷങ്ങളായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിപാലിച്ചുവരുന്ന മാന്തോപ്പിലാണു കാഴ്ചകള്‍ ഏറെയും ഒരുക്കിവച്ചിരിക്കുന്നത്.
മട്ടി, പൂവന്‍, പാളയന്‍ കോടന്‍, രസകദളി, മൊന്തന്‍, പേയന്‍ എന്നിങ്ങനെയാണു വാഴക്കുലകളിലെ വൈവിധ്യങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണു വാഴക്കുലകള്‍ പ്രദര്‍ശന നഗരിയില്‍ എത്തിച്ചത്. കൃഷിയിട പ്രദര്‍ശനം വീക്ഷിക്കുന്നതിനും കൃഷിയെ കുറിച്ചു കൂടുതലറിയുന്നതിനുമായി രണ്ടു ദിവസങ്ങളിലായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും കൃഷിയെ സ്‌നേഹിക്കുന്നവരും പ്രദര്‍ശനം വീക്ഷിക്കാന്‍ എത്തുന്നുണ്ട്. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കുട്ടികളും കൃഷിയെ അടുത്തറിയിക്കാന്‍ പ്രദര്‍ശന നഗരിയിലെത്തി.
വിവിധ വിളകളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫാം വാക്കാണ് പ്രദര്‍ശനത്തിലെ മുഖ്യആകര്‍ഷണം. മുപ്പത് ഏക്കര്‍ സ്ഥലത്ത് ഒരുക്കിയ പ്രദര്‍ശനം കണ്ടു മനസ്സിലാക്കണമെങ്കില്‍ ചുരുങ്ങിയതു മൂന്നു മണിക്കൂറെങ്കിലും വേണം. വിള ഉല്‍പാദനം, സസ്യസംരക്ഷണം, മൂല്യവര്‍ധനം എന്നീ മേഖലകളില്‍ നിലവിലുള്ള സാങ്കേതിക വിദ്യകളെ കുറിച്ചു മനസ്സിലാക്കാനും പ്രദര്‍ശനം വഴിയൊരുക്കുന്നു.
ചെടികളും മാവിന്‍തൈകളുമെല്ലാം വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്. വിനോദത്തിനായി മിനി അമ്യൂസ്‌മെന്റ് പാര്‍ക്കും കുതിരസവാരിയുമുണ്ട്. ദിവസവും വൈകിട്ട് ഏഴിനു കലാ പരിപാടികളുമുണ്ട്.
പ്രദര്‍ശനം 28 നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."