സൗമ്യാ കേസില്‍ തെറ്റുതിരുത്തല്‍ ഹരജി നല്കാന് നിയമോപദേശം
ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ കുറേറ്റിവ് പെറ്റീഷന് (തെറ്റുതിരുത്തല്‍ ഹരജി) നല്കാന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ നിയമോപദേശം. തെറ്റുതിരുത്തല്‍ ഹരജി സമര്‍പ്പിച്ചാല്‍ സുപ്രീംകോടതിക്കു പറ്റിയ തെറ്റു ബോധ്യപ്പെടുത്താന്‍ കഴിയും. ഹരജി പരിഗണിച്ച ബെഞ്ചില്‍ കൂടുതല്‍ ജഡ്ജിമാര്‍ ഉള്ളതിനാല്‍ ഉത്തരവു പുനപ്പരിശോധിക്കാന്‍ സാധ്യത കൂടുതലാണെന്നും അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്കി.
ഇതുസംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് ഇന്നലെ സുപ്രിംകോടതിയില്‍ വച്ചു മുകുള്‍ രോഹ്തഗിയുമായി ചര്‍ച്ച നടത്തി. കേസില്‍ കേരളത്തിനുവേണ്ടി നിയമസഹായം നല്കാന് തയ്യാറാണെന്നും മുകുള്‍ രോഹ്തഗി അറിയിച്ചു. അതേസമയം ഇന്നലെ നടന്നത് അനൗദ്യോഗികവും പ്രാഥമികവുമായ ചര്ച്ചമാത്രമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. കുറ്റപത്രത്തിലെ ഒന്നും മൂന്നും വാദങ്ങള്‍ അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അതിനിടക്കുള്ള രണ്ട് കോടതി അംഗീകരിക്കുന്നില്ലെന്നാണ് അറ്റോര്‍ണി ജനറലിന്റെ വാദം. ട്രെയിനില്‍ വച്ചു സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചു മരണകാരണമായ മുറിവുണ്ടാക്കിയതാണ് ഒന്നാമത്തേത്. ഇതും മൂന്നാമതു നടന്ന ലൈംഗികപീഡനവും കോടതി അംഗീകരിച്ചു. എന്നാല്‍ അതിനിടയ്ക്കുള്ള ട്രെയിനില്‍ നിന്നു തള്ളിയിട്ട സംഭവം അംഗീകരിക്കാത്ത നടപടി വിധിയിലെ പിഴവാണെന്നു ചൂണ്ടിക്കാട്ടി തെറ്റുതിരുത്തല്‍ ഹരജിനല്കാമെന്നാണ് അറ്റോര്‍ണി ജനറലിന്റെ വാദം.
കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്കിയ പുനപ്പരിശോധനാ ഹരജികള്‍ ഈ മാസം 11നു തള്ളിയ ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പ്രഫുല്ല സി. പാന്ത്, യു.യു ലളിത് എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച്, ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വധശിക്ഷ റദ്ദാക്കി നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മൂന്നംഗ ബെഞ്ച് പുനപ്പരിശോധനാ ഹരജികള്‍ തള്ളിയത്.
കോടതി വിധിയെ വിമര്‍ശിച്ചു സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മര്‍ക്കണ്ഡേയ കഡ്ജു ഇട്ട ഫേസ്ബുക്ക് പോസ്റ്റും പുനപ്പരിശോധനാ ഹരജിയായി സ്വീകരിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."