കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇരുനേതാക്കളും ഒറ്റപ്പെടും ഇ.പിക്കും ശ്രീമതിക്കുമെതിരേ സി.പി.എമ്മില്‍ നീക്കം ശക്തം
കണ്ണൂര്‍: കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജനും പി.കെ ശ്രീമതിയ്ക്കുമെതിരേ സി. പി. എമ്മില്‍ നീക്കം ശക്തമാകുന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുമായി ഇടഞ്ഞുനില്‍ക്കുന്ന ഇരുവരും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്നലെ നടന്ന കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണപരിപാടികളില്‍ ജില്ലയിലൊരിടത്തും ഇരുവരെയും പങ്കെടുപ്പിച്ചില്ല.
ബന്ധുനിയമനത്തിന്റെ പേരില്‍ ഇ.പിക്കും പി.കെ ശ്രീമതിക്കുമെതിരെ അതിശക്തമായ വികാരമാണ് പാര്‍ട്ടി പ്രാദേശികഘടങ്ങള്‍ക്കുള്ളത്. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് അണികള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കീഴ്ഘടകങ്ങള്‍ക്കോ സംസ്ഥാന നേതൃത്വത്തിനോ കഴിയില്ല.
തിരുവനന്തപുരത്തുനടക്കുന്ന അടുത്ത കേന്ദ്രകമ്മിറ്റിയോഗം ബന്ധുനിയമനവിവാദവും എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയും ചര്‍ച്ചയ്‌ക്കെടുക്കും. ഇരുവര്‍ക്കുമെതിരേ കേന്ദ്രകമ്മിറ്റി അച്ചടക്ക നടപടിയെടുക്കാനാണ് സാധ്യത.
ഇവരുടെ പൂര്‍വകാല ചെയ്തികളും ആരോപണങ്ങളും എതിര്‍വിഭാഗം ശേഖരിച്ചുവരികയാണ്. ഇ.പിക്കെതിരെയുള്ള ആരോപണം പ്രതിരോധിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരിയും മന്ത്രി എ.കെ ബാലനും കഴിഞ്ഞ വി. എസ് സര്‍ക്കാരിന്റെ കാലയളവില്‍ സര്‍ക്കാര്‍ തസ്തികകളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന വാദമുയര്‍ത്തുകയാണ് പി.കെ ശ്രീമതി ചെയ്തത്.
സംസ്ഥാന സെക്രട്ടറി പക്ഷപാതപരമായി പെറുമാറുന്നുവെന്ന് ശ്രീമതി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാധാരണയായി ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്തു നടത്തുന്നതിലെ അസ്വാഭാവികത ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഡല്‍ഹിയിലെ കൊടുംതണുപ്പാണ് കേന്ദ്രകമ്മിറ്റി തിരുവനനന്തപുരത്തു നടത്താന്‍ തീരുമാനിച്ചതിനു കാരണമായി നേതൃത്വം പറയുന്നുവെങ്കിലും അച്ചടക്കനടപടിയുടെ സൂചന ഇ.പിയോടെ് അടുപ്പും പുലര്‍ത്തുന്നവര്‍ മണക്കുന്നുണ്ട്.
നടപടിക്കു ശേഷം കണ്‍ട്രോള്‍ കമ്മിഷനില്‍ അപ്പീലിനു പോകാന്‍ ഇരുവര്‍ക്കും അവസരം നിഷേധിക്കുകയെന്ന തന്ത്രവും സ്വീകരിച്ചേക്കും.
1986ല്‍ എം.വി രാഘവനെതിരെ ബദല്‍ രേഖാ വിഷയം വന്നപ്പോള്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടിപൊതുയോഗത്തില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി ഇ. എം. എസ് പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.
ഇതോടെ എം.വി ആറിന് കണ്‍ട്രോള്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാനുള്ള അവസരവും നിഷേധിക്കപ്പെട്ടു. ഇതുപോലെ പാര്‍ട്ടി ജനറല്‍ ബോഡിയോഗങ്ങളില്‍ നയവ്യതിയാനം തുറന്നുകാട്ടി ഇ.പിയെയും ശ്രീമതിയെയും ഒറ്റപ്പെടുത്തി പുകച്ചു ചാടിക്കാനുള്ള തന്ത്രമാണ് ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ പയറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."