പാര്‍ലമെന്റിനുള്ളില്‍ യുവാവിന്റെ പ്രതിഷേധം: താഴേക്കു ചാടാന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭയുടെ സന്ദര്‍ശക ഗാലറിയില്‍ നിന്നു നടുത്തളത്തിലേക്ക് ചാടി പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാഉദ്യോഗസ്ഥര്‍ പിടിച്ചുപുറത്താക്കി. ഇന്നലെ രാവിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ആദ്യവട്ടം പിരിഞ്ഞതിനു തൊട്ടു പിന്നാലെയാണ് മധ്യപ്രദേശ് സ്വദേശി രാകേഷ് സിങ് ബാദല്‍ സന്ദര്‍ശക ഗ്യാലറിയുടെ മുന്‍നിരയില്‍ നിന്ന് കൈവരിക്കു മുകളിലൂടെ താഴേക്ക് ചാടാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ ഗ്യാലറിയില്‍ മഫ്തിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വളഞ്ഞു പിടിച്ചു. മുദ്രാവാക്യം മുഴക്കാന്‍ ശ്രമിച്ച രാകേഷിന്റെ വാ പൊത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടു പോയി. സഭ പിരിഞ്ഞ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ചേംബര്‍ വിട്ടു പോയതിനു പിന്നാലെയായിരുന്നു രാകേഷ് നടുത്തളത്തിലേക്ക് ചാടാന്‍ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലായെങ്കില്‍ ലോക്‌സഭയില്‍ ഭരണപക്ഷ നിരയുടെ മുകളിലേക്കായിരുന്നു രാകേഷ് വീണിട്ടുണ്ടാവുക. ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുമ്പോഴേക്കും രാകേഷ് സന്ദര്‍ശക ഗാലറിക്കു മുന്നിലെ കൈവരിക്കു മുന്നിലൂടെ വലതു കാല്‍ താഴേക്കിട്ടിരുന്നു. യുവാവ് ബി.ജെ.പി അനുഭാവിയാണെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം ഇയാളെ താക്കീത് നല്‍കി വിട്ടയക്കുമെന്നു സ്പീക്കര്‍ പറഞ്ഞു. സഭ ഇക്കാര്യത്തോടു യോജിക്കുകയും ചെയ്തു. രാകേഷ് ചാടാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തുടങ്ങിയവര്‍ ലോക്‌സഭയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."