ക്ഷയരോഗം: മരുന്ന് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷയ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് മരുന്ന് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ ഫാര്‍മസികളും പരിശോധിച്ച് മരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ക്ഷയരോഗ ചുമതലയുള്ള എല്ലാ ജില്ലയിലെയും ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നിര്‍ദേശം നല്‍കി. കൂടാതെ ഫാര്‍മസികളില്‍ മരുന്ന് വില്‍പന സംബന്ധിച്ച് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാനും സ്വകാര്യ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഫാര്‍മസികളില്‍ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി.
സര്‍ക്കാരിന്റെ കണക്കില്‍ ഏതാണ്ട് 20,000 രോഗികളുടെ വിവരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കോഴിക്കോട്ടാണ് (1,243 പേര്‍). ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ മാത്രമാണ്. എന്നാല്‍ ഇതിന്റെ നാലിരട്ടി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഫാര്‍മസികള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഒരാള്‍ക്ക് ക്ഷയരോഗം കണ്ടുപിടിച്ചാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ അറിയിക്കണമെന്ന് നേരത്തേ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രികളും ഇത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളിലും ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പലരും ആശുപത്രികളില്‍ ചികിത്സ തേടാത്തത് രോഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്. അതിനാല്‍ ഇവരുടെ ക്യാംപുകളില്‍ പ്രത്യേക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരില്‍ പലര്‍ക്കും ഡോട്‌സ് ചികിത്സ നല്‍കുന്നില്ലെന്ന ആരോപണവുമുണ്ട്.
ഇതിനാല്‍ പലരും മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി എന്ന മാരക ക്ഷയരോഗത്തിന് അടിമപ്പെടുകയാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച ഡോട്‌സ് ചികിത്സ നിലവിലുണ്ടായിട്ടും സംസ്ഥാനത്ത് മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി വര്‍ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."