യു.എസിന്റെ കണ്ണിലെ കരട്; അതിജയിച്ചത് 638 വധശ്രമങ്ങള്‍
ഹവാന:സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ രക്ത താരകമായിരുന്ന ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്ക നടത്തിയത് 638 ശ്രമങ്ങള്‍. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത വെല്ലുവിളിയായിരുന്ന കാസ്‌ട്രോയെ വകവരുത്താന്‍ പദ്ധതികള്‍ തയാറാക്കിയത് സി.ഐ.എ ആയിരുന്നു. 1958-2000 കാലഘട്ടത്തിലാണ് ഇതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്. 638 വധശ്രമങ്ങള്‍ക്ക് മുന്നിലും കീഴ്‌പ്പെടാതെ പൊരുതി കയറിയതാണ് ഈ വിപ്ലവ നക്ഷത്രജീവിതം. ഇതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞവരും ചതിക്കുഴി ഒരുക്കിയവരും മരിച്ചുപോയ ശേഷവും കാസ്‌ട്രോ ജീവിച്ചു.
വിഷം ഒളിപ്പിച്ച ചുരുട്ടുകളും വിഷ ഗുളികകളും പെന്‍സിറിഞ്ചുമെല്ലാം സി.ഐ.എ കാസ്‌ട്രോയെ വധിക്കാനുള്ള ആയുധമാക്കി. ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവരും വിമതരുമാണ് അമേരിക്കന്‍ ചാരസംഘടനയുമായി ചേര്‍ന്ന് കാസ്‌ട്രോക്ക് ചതിക്കുഴി ഒരുക്കിയത്. പിന്നീട് ഈ തന്ത്രങ്ങളെല്ലാം ഡോക്യുമെന്ററിയായി പുറത്തുവന്നു. കാസ്‌ട്രോയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഫാബിയാന്‍ എസ്‌കലനാണ് വധശ്രമങ്ങളുടെ കണക്ക് പുറത്തുവിട്ടത്. സി.ഐ.എയുടെ രീതികള്‍ പിന്നീട് ചാനല്‍ 4 ഡോക്യുമെന്ററിയിലൂടെ വിശദീകരിച്ചു.
കാസ്‌ട്രോയെ കൊല്ലാന്‍ 638 മാര്‍ഗങ്ങള്‍ എന്ന പേരിലാണ് മുന്‍ ക്യൂബന്‍ രഹസ്യാന്വേഷണ മേധാവി എസ്‌കലാന്‍ പുസ്തകം എഴുതിയത്. പല വധശ്രമങ്ങളും ഇദ്ദേഹം ഇടപെട്ടാണ് തടഞ്ഞത്. എന്തെല്ലാം മാര്‍ഗങ്ങളാണ് സി.ഐ.എ ആസൂത്രണം ചെയ്തതെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
1960 കളിലാണ് കാസ്‌ട്രോയെ ലക്ഷ്യംവച്ച് സി.ഐ.എ പൊട്ടിത്തെറിക്കുന്ന ചുരുട്ടുകള്‍ നിര്‍മിച്ചത്. കാസ്‌ട്രോയുടെ ഇഷ്ട ബ്രാന്‍ഡില്‍ ബൊട്ടുലിനിയം വിഷം ഉപയോഗിച്ചാണ് ഇവ നിര്‍മിക്കപ്പെട്ടത്. എന്നാല്‍ ഇവ ഒരിക്കലും കാസ്‌ട്രോയ്ക്ക് സമീപം എത്തിയിരുന്നില്ല. ഭീഷണിയെ തുടര്‍ന്ന് 1985ല്‍ കാസ്‌ട്രോ പുകവലി ഉപേക്ഷിച്ചു.
ബില്‍ ക്ലിന്റന്‍ ഭരണകാലത്ത് കരീബിയന്‍ കക്കകള്‍ ഉപയോഗിച്ച് വധശ്രമം നടത്തി. കാസ്‌ട്രോ കടല്‍ത്തീരത്ത് ഡൈവിങ് നടത്താന്‍ ഇഷ്ടപ്പെട്ടിരുന്നു.
ഇതു തിരിച്ചറിഞ്ഞ് സ്‌ഫോടക ശേഷിയുള്ള കക്കകള്‍ വിതറാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി പരാജയപ്പെട്ടു. ഡൈവിങ് സ്യൂട്ടില്‍ മാരക രോഗങ്ങള്‍ പടര്‍ത്തുന്ന ഫംഗസുകളെ നിക്ഷേപിക്കാനും ശ്രമം നടത്തി. അധികാരത്തില്‍ ഏറെക്കാലം തുടര്‍ന്നതാണ് വധശ്രമങ്ങള്‍ക്ക് കാരണമായത്. 1959 ലെ വിപ്ലവത്തിനു പിന്നാലെ വധശ്രമങ്ങള്‍ കൂടി.
1961ല്‍ അമേരിക്കയുടെ സഹായത്തോടെ ക്യൂബന്‍ വിമതര്‍ നടത്തിയ അധിനിവേശ ശ്രമം 'ബേ ഓഫ് പിഗ്‌സ് ആക്രമണം' ഫിദല്‍ കാസ്‌ട്രോയേയും റൗള്‍ കാസ്‌ട്രോയേയും ചെഗുവേരയേയും ഇല്ലാതാക്കാനായിരുന്നു. പക്ഷേ മൂന്ന് ദിവസം കൊണ്ട് ഈ അട്ടിമറി ശ്രമത്തെ കാസ്‌ട്രോ പരാജയപ്പെടുത്തി.
യു.എസ് പ്രസിഡന്റ് കെന്നഡി കൊല്ലപ്പെട്ട ശേഷം കാസ്‌ട്രോയെ പാരിസില്‍വച്ച് പെന്‍ സിറിഞ്ചു കൊണ്ട് വധിക്കാന്‍ ശ്രമം നടന്നു. വിഷഗുളികയുമായി സ്ത്രീയെയും കാസ്‌ട്രോയുടെ സമീപത്തേക്ക് അയച്ചു. എന്നാല്‍ ഇതു മുന്‍കൂട്ടി കാസ്‌ട്രോ തിരിച്ചറിഞ്ഞതായി സ്ത്രീ പിന്നീട് വെളിപ്പെടുത്തി. വധശ്രമം തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ പിസ്റ്റള്‍ സ്ത്രീക്കു നേരെ നീട്ടി അവരോട് വെടിവയ്ക്കാന്‍ പറയുകയായിരുന്നു. ഇതു കേട്ട സ്ത്രീ കരഞ്ഞു കീഴടങ്ങി.
ലോകം തിരിച്ചറഞ്ഞ ഏറ്റവും വലിയ വധശ്രമം 2000ലെ പനാമ സന്ദര്‍ശനത്തിലാണ്. അദ്ദേഹം പ്രസംഗിക്കാനിരുന്ന വേദിക്ക് താഴെ 200 എല്‍.ബി (90 കിലോഗ്രാം) സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത് കാസ്‌ട്രോയുടെ സുരക്ഷാംഗങ്ങള്‍ കണ്ടെത്തി. ലൂയിസ് പൊസാഡ എന്ന ക്യൂബന്‍ വിമതനും മുന്‍ സി.ഐ.എ അംഗവുമടക്കം നാല് പേര്‍ തടവിലായി. ഇവരില്‍ ചിലരെ പിന്നീട് മാപ്പു നല്‍കി വിട്ടയച്ചു.
'നമുക്കെത്തേണ്ടയിടത്തേക്ക് നമ്മള്‍ എത്തും'
'ഞാന്‍ ഉടന്‍ 90ാം വയസിലേക്കു കടക്കും. ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഒരു ശ്രമത്തിന്റെയും ഫലമല്ല അത്. അത് പൂര്‍ണമായും വിധിയുടെ ആഗ്രഹമായിരുന്നു.
ഒരുപക്ഷേ ഇത് ഈ മുറിയിലെ എന്റെ അവസാനത്തെ പ്രസംഗമാകാം. കോണ്‍ഗ്രസ് സമര്‍പ്പിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും ഞാന്‍ വോട്ടു ചെയ്തിട്ടുണ്ട്. ഇവിടേക്ക് എന്നെ ക്ഷണിച്ചതിന് ഞാന്‍ നിങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു. എന്റെ പ്രസംഗം കേള്‍ക്കുന്നതിലൂടെ നിങ്ങള്‍ എനിക്കു നല്‍കുന്ന ആദരവിനും.
എല്ലാവരെയും അഭിനന്ദിക്കുന്നു, പ്രഥമമായി അത്ഭുതകരമായ ഉദ്യമങ്ങള്‍ക്ക് സഖാവ് റൗള്‍ കാസ്‌ട്രോയെ. നമ്മള്‍ യാത്ര തുടരും. നമുക്കെത്തേണ്ടയിടത്തേക്ക് നമ്മള്‍ എത്തും. അചഞ്ചലമായ ആത്മാര്‍ഥതയോടെയും ശക്തിയോടെയും. മാര്‍ട്ടിയെയും (ജോസ് മാര്‍ട്ടി) മെസിയോ (അന്റോമിയോ മെസിയോ) യെയും ഗോമസിനെയും (മാക്‌സിമോ ഗോമസ്) പോലെ. നമ്മള്‍ നിര്‍ത്താതെ യാത്ര തുടരും. '
ചരിത്രം എന്നെ കുറ്റവിമുക്തനാക്കും
ഹവാന: കാസ്‌ട്രോയെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റുമാരും സി.ഐ.എ മേധാവികളും മരണപ്പെട്ട ശേഷമാണ് ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വിടവാങ്ങല്‍. 2016 മാര്‍ച്ചില്‍ ക്യൂബയില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ചരിത്രസന്ദര്‍ശനം നടത്തുന്നതു പോലും അരനൂറ്റാണ്ടിലേറെ കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. 1928 ലാണ് ഒബാമയ്ക്കു മുന്‍പ് അവസാനമായി ഒരു യു.എസ് പ്രസിഡന്റ് ക്യൂബയിലെത്തിയത്.
സ്വേച്ഛാധിപതിയായിരുന്ന ജനറല്‍ ഫുല്‍ജന്‍ഷ്യോ ബാറ്റിസ്റ്റയുടെ സൈന്യത്തിന്റെ പിടിയിലായ ശേഷമാണ് ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം ഫിദല്‍ നടത്തിയത്. കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അത്.
'ഞാന്‍ മുന്നറിയിപ്പു തരുന്നു. ഞാന്‍ ഒരു തുടക്കം മാത്രമാണ്. എന്നെ വിസ്മൃതിയിലേക്ക് മറവുചെയ്യാന്‍ ഒരുപക്ഷേ, ഗൂഢാലോചന നടക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം. എന്നാല്‍, എന്റെ ശബ്ദത്തെ ഞെരിച്ചമര്‍ത്താന്‍ അവര്‍ക്കു കഴിയില്ല' എന്നായിരുന്നു ചരിത്രം എന്നെ കുറ്റമുക്തനാക്കുമെന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകള്‍.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം ജയിച്ച് 1959ല്‍ ക്യൂബയുടെ അധികാരത്തിലേറിയ ഫിദല്‍ ആദ്യം ചെയ്തത് തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ദേശസാത്കരിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്ന് അധികം ദൂരെയല്ലാത്ത ക്യൂബയില്‍ കാസ്‌ട്രോയുടെ സാന്നിധ്യം അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി.
സോവിയറ്റ് യൂനിയന്‍ തകര്‍ച്ചക്കു ശേഷം രാഷ്ട്രീയവും സൈനികവുമായി ഒറ്റപ്പെട്ട ക്യൂബയെ പിടിച്ചുനിര്‍ത്തിയത് ഫിദലിന്റെ ഇച്ഛാശക്തിയും ധീരമായ നിലപാടുകളും കൊണ്ടുമാത്രമാണ്. നട്ടെല്ലു വളയ്ക്കാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ വിമര്‍ശകര്‍ പോലും അംഗീകരിച്ചു. മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ഇക്കാര്യം തുറന്നെഴുതി.
കാസ്‌ട്രോയെ താഴെ ഇറക്കാന്‍ യു.എസ് നടത്തിയ എല്ലാ കളികളും വെള്ളത്തിലായി. 1999ലാണ് ക്യൂബ കാസ്‌ട്രോയെ വധിക്കാന്‍ യു.എസ് നടത്തിയ 638 ശ്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. അരനൂറ്റാണ്ട് ക്യൂബയെ നയിച്ച കാസ്‌ട്രോ പല മേഖലകളിലും മാതൃകാ സമൂഹമാക്കിയതാണ് 2008 ല്‍ അധികാരം സഹോദരന്‍ റൗള്‍ കാസ്‌ട്രോയെ ഏല്‍പ്പിച്ചത്.
പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടും
തിരുവനന്തപുരം:ഫിദല്‍ കാസ്‌ട്രോ അസ്തമിക്കാത്ത വിപ്ലവ സൂര്യനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. മരണത്തില്‍ അനുശോചിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി മൂന്ന് ദിവസം ദുഖഃമാചരിക്കുമെന്നും കോടിയേരി അറിയിച്ചു.
യു.എസില്‍ ആഹ്ലാദ നൃത്തം
മിയാമി: കാസ്‌ട്രോയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.എസില്‍ പ്രകടനം. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ മദ്യക്കുപ്പികളും മറ്റും പൊട്ടിച്ച് തെരുവില്‍ ആഹ്ലാദനൃത്തം ചവിട്ടി. മിയാമിയിലാണ് സംഭവം. കൊച്ചു ഹവാന എന്നാണ് മിയാമി അറിയപ്പെടുന്നത്. അമേരിക്കയിലെ ക്യൂബന്‍ വംശജരാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."