വ്യാജ റിക്രൂട്ട്മെന്റ്്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ കേസ് ഫയല്‍ ചെയ്തു
കൊച്ചി : ആസ്റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്ദാനം നല്കി ആളുകളില്‍നിന്നും റിക്രൂട്ട്മെന്റ് ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്ക്കെതിരെ ദുബായ് പോലിസിലും സൈബര്‍ സെല്ലിലും കേസ് ഫയല്‍ ചെയ്തു. ആളുകളോട് അതീവ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള കെണികളില്‍ വീഴരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ആസ്റ്ററിന്റെ റിക്രൂട്ട്മെന്റുകളെല്ലാം ഗവണ്മെന്റ് നടപടികളനുസരിച്ചായിരിക്കുമെന്നും റിക്രൂട്ട്മെന്റിനായി ഓഫിസുകളൊന്നും ഈടാക്കുന്നില്ല എന്നും ആസ്റ്റര്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്, ഫിലിപ്പീന്‍സ്, ന്യൂസീലാന്‍ഡ്, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ വ്യാജമായി റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായതിനേത്തുടര്‍ന്നാണ് ഈ നടപടി. ആസ്റ്റര്‍ ഹോസ്പിറ്റല്‍, മാന്‍ഖൂല്‍, ആസ്റ്റര്‍ ക്ലിനിക് കൂടാതെ മറ്റ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപനങ്ങളുടെ പേരിലും ജോലി വാഗ്ദാനം ചെയ്ത് എഴുത്തുകള്‍ നല്‍കിയിരുന്നു. ഇവയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ആസ്റ്റര്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മെയിലുകള്‍ പ്രചരിച്ച കേന്ദ്രത്തിന്റെ ഡൊമെയ്നും ഇമെയില്‍ ഐഡികളും കഴിയുന്നിടത്തോളം ബ്ലോക്ക് ചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ വ്യാജ ലെറ്ററുകളിലെ ടെലിഫോണ്‍ നമ്പറുകളില്‍ വിളിക്കരുതെന്ന് ഉദ്യോഗാര്‍ഥികളോട് ആസ്റ്റര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."