ചീക്കോട് സ്വദേശിക്ക് വീടിന്റെ ഉടമസ്ഥാവകാശം തിരിച്ചുകിട്ടി
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടലില്‍ ചീക്കോട് സ്വദേശിക്കു സ്വന്തംപേരിലുള്ള ഭൂമിയില്‍ സ്ഥിതിചെയ്യുന്ന വീടിന്റെ ഉടമസ്ഥാവകാശം തിരിച്ചുകിട്ടി. ചീക്കോട് ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ സ്വദേശി കൊലത്തിക്കല്‍ മുഹമ്മദ് കുഞ്ഞിക്കാണ് സ്വന്തം സ്ഥലത്തു കൈവശത്തിലുള്ള വീടിന്റെ ഉടമാവകാശം പുനഃസ്ഥാപിച്ചു നല്‍കി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കിയത്.
ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ മലപ്പുറം കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനു പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ചു. ഉടമസ്ഥാവകാശത്തിലെ ആശയക്കുഴപ്പംമൂലം പഞ്ചായത്ത് വീടിന്റെ നികുതി സ്വീകരിക്കാത്തതിനെതിരേ മുഹമ്മദ് കുഞ്ഞി കമ്മിഷനു നല്‍കിയ പരാതിയിലാണ് നടപടി.
പ്രസവത്തിന് അനാവശ്യമായി ശസ്ത്രക്രിയ നടത്തിയതായി കടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ക്കെതിരേ ആക്കപ്പറമ്പ് സ്വദേശിനി പരാതി നല്‍കി. ഒരു വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ തങ്ങള്‍ക്കെതിരേ അരീക്കോട് സ്‌റ്റേഷനില്‍ വ്യാജ പരാതിയെടുക്കുകയായിരുന്നുവെന്നും കുടുംബം പരാതിപ്പെട്ടു. പരാതി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനയക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു.
ഭവന നിര്‍മാണ ബോര്‍ഡില്‍നിന്നു വായ്പയെടുത്ത വെളിമുക്ക് സ്വദേശിയുടെ വായ്പ സംബന്ധമായ പരാതി ഒറ്റത്തവണ തിരിച്ചടവിലൂടെ തീര്‍പ്പാക്കി.ന
ചെയര്‍മാന്‍ പി.കെ ഹനീഫ, അംഗം അഡ്വ. ബിന്ദു എം. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ 44 പരാതികള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. നാല് പുതിയ പരാതികള്‍ ഇന്നലെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."