ഗീതാ ഗോപിനാഥിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് സ്വന്തമായ അഭിപ്രായം പറയാന്‍ തന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന് സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ ഏറ്റവും ധീരമായ ഇടപെടലാണെന്ന ഗീതയുടെ അഭിപ്രായപ്രകടനം വാര്‍ത്തയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇങ്ങനെ പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയിലും പൊതു മാധ്യമങ്ങളിലുമായി പ്രൊഫ. ഗീതാ ഗോപിനാഥ് കറന്‍സി പിന്‍വലിക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു എന്ന മട്ടില്‍ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഗീതാ ഗോപിനാഥിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം വായിച്ചു. എല്ലാവര്‍ക്കും വായിക്കാവുന്നതാണ്. ആദ്യ രണ്ടു ഖണ്ഡികയല്ല മുഴുവനായി. അതില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി, നടത്തിപ്പിലെ പിശക്, ജനങ്ങളുടെ രോഷം, ബദല്‍ നിര്‍ദേശം ഇങ്ങനെ എല്ലാമുണ്ട്.
മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ല. ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലര്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്ന് കരുതണം. കേരളം അവരില്‍ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശവും സഹായവുമാണ്. ലോക സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ലെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."